എംബിബിഎസ് പുസ്തകം ഹിന്ദിയിൽ; കുറിപ്പടിയിൽ ആദ്യം ‘ശ്രീ ഹരി’; പിന്നെ മരുന്ന് പട്ടിക ഹിന്ദിയിൽ

ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ്. മോത്തിലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ മധ്യപ്രദേശിലെ മെഡിക്കൽ വിദ്യാഭ്യാസ സിലബസിന്റെ ഹിന്ദി പാഠപുസ്തകങ്ങൾ അമിത് ഷാ പുറത്തിറക്കി. എംബിബിഎസിന്‍റെ മൂന്ന് പുസ്തകങ്ങളാണ് ഇപ്പോൾ ഹിന്ദിയിലാക്കിയത്. ഇംഗ്ലിഷ് അറിയാത്തതിനാൽ നിരവധി വിദ്യാർഥികൾ മെഡിക്കൽ കോളജുകൾ വിട്ടുപോകുന്നുവെന്ന അവകാശവാദവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ രംഗത്തുവന്നിരുന്നു. 

ഡോക്‌ടർമാർക്ക് കുറിപ്പടി സ്ലിപ്പുകളുടെ മുകളിൽ ‘ശ്രീ ഹരി’ എന്ന് എഴുതാമെന്നും തുടർന്ന് മരുന്നുകളുടെ പട്ടിക ഹിന്ദിയിൽ എഴുതാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറുമെന്ന് അദ്ദേഹം പറഞ്ഞു. 

‘ഒരു ഗ്രാമത്തിലെ ഏറ്റവും ദരിദ്രനായ വ്യക്തിക്കു പോലും സ്വത്ത് വിറ്റായാലും കുട്ടികളെ ഇംഗ്ലിഷ് മീഡിയം സ്‌കൂളുകളിൽ പഠിപ്പിക്കണമെന്ന് തോന്നുന്നു. ഇംഗ്ലിഷ് അറിയാത്തതിനാൽ ഒരു വിദ്യാർഥി മെഡിക്കൽ കോളജ് ഉപേക്ഷിച്ചുപോകുന്നത് ഞാൻ കണ്ടു. തങ്ങളുടെ കുട്ടികളുടെ ഹിന്ദിയോടുള്ള മനോഭാവം മുതിർന്നവർ മാറ്റണം. ഭാഷയിൽ അഭിമാനം തോന്നുകയും അംഗീകരിക്കുകയും ചെയ്യണം. ഓരോ ഗ്രാമത്തിനും ഒരു ഡോക്ടറെ വേണം. അവർ ഹിന്ദിയിൽ കുറിപ്പടി എഴുതും. ‘ക്രോസിൻ’ എന്ന മരുന്ന് എഴുതേണ്ടി വന്നാൽ കുറിപ്പടിക്കു മുകളിൽ ‘ശ്രീ ഹരി’ എന്നെഴുതിയ ശേഷം മരുന്ന് ഹിന്ദിയിൽ എഴുതും’ അദ്ദേഹം പറഞ്ഞു.