'പാക്കിസ്ഥാനെ ബഹുമാനിച്ചില്ലെങ്കില്‍ അവര്‍ അണുബോംബ് പ്രയോഗിക്കും'; മണി ശങ്കര്‍ അയ്യരുടെ പരാമര്‍ശം വിവാദത്തില്‍

Mani-Shankar-Aiyar
SHARE

പാക്കിസ്ഥാനെ ബഹുമാനിച്ചില്ലെങ്കില്‍ അവര്‍ അണുബോംബ് പ്രയോഗിക്കുമെന്ന കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് മണി ശങ്കര്‍ അയ്യരുടെ പരാമര്‍ശം വിവാദത്തില്‍. പാക്കിസ്ഥാന്‍റെയും ഭീകരരുടെയും ഭാഷയിലാണ് കോണ്‍ഗ്രസ് സംസാരിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. മണി ശങ്കര്‍ അയ്യരുടെ പ്രസ്താവന കോണ്‍ഗ്രസ് തള്ളി. ചൈനയെ ഇന്ത്യ ഭയക്കണമെന്ന് വിദേശകാര്യമന്ത്രി പറഞ്ഞിരുന്നതായി കോണ്‍ഗ്രസ് തിരിച്ചടിച്ചു. തന്റെ പ്രസ്താവന ബിജെപി വളച്ചൊടിച്ചെന്ന് മണി ശങ്കര്‍ അയ്യര്‍ വിശദീകരിച്ചു.

സാം പിത്രോദയ്ക്ക് പിന്നാലെ മണി ശങ്കര്‍ അയ്യരും. തിരഞ്ഞെടുപ്പ് പോരാട്ടത്തിനിടെ വാവിട്ട വാക്കുകൊണ്ട് ബിജെപിക്ക് ആയുധം നല്‍കുന്നു. ഏപ്രിലില്‍ ഒാണ്‍ലൈന്‍ മാധ്യമ സ്ഥാപനത്തിന് മണി ശങ്കര്‍ അയ്യര്‍ നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വിവാദമാകുന്നത്. 

പാക്കിസ്ഥാന് അണു ബോംബുണ്ട്. നമുക്കുമുണ്ട്. ലാഹോറില്‍ ബോംബ് ഇടാന്‍ തീരുമാനിച്ചാല്‍ അതിന്‍റെ വികിരണം അമൃത്സറിലെത്താന്‍ എട്ടു സെക്കണ്ട് വേണ്ട. പാക്കിസ്ഥാന്‍ പരമാധികാര രാജ്യമാണ്. അവരെ ബഹുമാനിച്ചാല്‍ സമാധാനമുണ്ടാകുമെന്നും മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു. പാക്കിസ്ഥാനുമായി ചര്‍ച്ച വേണമെന്നും  മണി ശങ്കര്‍ അയ്യര്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പാക്കിസ്ഥാന്‍റെയും ഭീകരരുടെയും ഭാഷയിലാണ് സംസാരിക്കുന്നതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കേരളത്തിലും കര്‍ണാടയിലും കോണ്‍ഗ്രസ് എസ്ഡിപിെഎയുടെ പിന്തുണ തേടിയിരുന്നു. 

മണി ശങ്കര്‍ അയ്യരുടെ പ്രസ്താവന വ്യക്തിപരമാണെന്നും പാര്‍ട്ടി നിലപാടല്ലെന്നും കോണ്‍ഗ്രസ് വിശദീകരിച്ചു. ചൈനയെ ഇന്ത്യ ഭയക്കണമെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതായും പവന്‍ ഖേര പ്രതികരിച്ചു.  

MORE IN INDIA
SHOW MORE