യുവാവിന്റെ പുതപ്പിനുള്ളിലേക്ക് ഇഴഞ്ഞെത്തി മൂർഖൻ; കാലിൽ ചുറ്റി; വിഡിയോ

Grabimage from video shared on Youttube by Daily Mail

ഉറക്കത്തിനിടയിൽ പാമ്പു കടിയേറ്റുള്ള മരണങ്ങൾ നിരവധിയുണ്ടായിട്ടുണ്ട്. ജനലിലൂടെയും മറ്റും ഇഴഞ്ഞാണ് പാമ്പ് അകത്തെത്തുന്നത്. എന്നാൽ രാജസ്ഥാനിലെ ബൻസ്വാരായിൽ ഒരു യുവാവിനുണ്ടായ അനുഭവം പേടിപ്പിക്കുന്നതാണ്. മണ്ഡരേശ്വർ ക്ഷേത്രത്തിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന ജയ് ഉപാധ്യായ എന്ന യുവാവിന്റെ പുതപ്പിനുള്ളിലേക്കാണ് മൂർഖൻ പാമ്പ് ഇഴഞ്ഞെത്തുകയായിരുന്നു. 

ക്ഷേത്രാചാര പഠനത്തിന്റെ ഭാഗമായി 44 ദിവസമായി ക്ഷേത്രത്തിനുള്ളിലായിരുന്നു ജയ് ഉപാധ്യായയുടെ കിടപ്പ്. തറയിൽ കട്ടിയുള്ള പുതപ്പുവിരിച്ചാണ് ഇയാൾ ഉറങ്ങിയിരുന്നത്. സുഖനിദ്രയിലായിരുന്ന ഇയാളുടെ അരികിലേക്കാണ് വിഷപ്പാമ്പ് ഇഴഞ്ഞെത്തിയത്. യുവാവിന്റെ ശരീരം മൂടിയിരുന്ന പുതപ്പിനുള്ളിലേക്ക് പാമ്പ് ഇഴഞ്ഞു കയറുന്നത് ദൃശ്യത്തിൽ കാണാം. അൽപസമയം ഉറക്കം തുടർന്ന ജയ് പാമ്പ് കാലിൽ ചുറ്റിയതിനാൽ മറുവശത്തേക്ക് ചരിഞ്ഞു കിടന്ന് കാലിൽ നിന്ന് പാമ്പിനെ വലിച്ചെടുത്തു. പുതപ്പിനൊപ്പം പാമ്പിനെക്കൂടി വലിച്ചിട്ട യുവാവ്  അതിനെ കണ്ടമാത്രയിൽ ഭയന്നെഴുന്നേറ്റ് ഒടിമാറുകയായിരുന്നു. 

പിന്നോട്ടു നീങ്ങിയ യുവാവിനെ പാമ്പ് ആക്രമിക്കാനൊരുങ്ങുന്നതും ദൃശ്യത്തിൽ കാണാം. തലനാരിഴയ്ക്കാണ് പാമ്പുകടിയേൽക്കാതെ ഇയാൾ രക്ഷപ്പെട്ടത്. ആരവല്ലി പർവത നിരകൾക്കു സമീപമാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിഷപ്പാമ്പുകളും വന്യമൃഗങ്ങളുമൊക്കെ രാത്രിയിൽ ഇവിടെ വിഹരിക്കുന്നത് പതിവാണ്. ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ഈ ദൃശ്യം പതിഞ്ഞത്.