പഞ്ചായത്ത് ഓഫിസിൽ ഒന്നാന്തരം എട്ടടി മൂർഖൻ; ഒന്നല്ല, രണ്ടെണ്ണം

പഞ്ചായത്ത് ഓഫീസിൽ അപേക്ഷ കൊടുക്കാൻ പോയാൽ നല്ല ഒന്നാതരം മൂർഖൻ പാമ്പിനെ കണ്ടാലോ? അങ്ങനെയൊരു സംഭവം നടന്നിരിക്കുകയാണ് കോട്ടയം തലപ്പലം പഞ്ചായത്ത് ഓഫീസിൽ. പഞ്ചായത്തിന്റെ ഫ്രണ്ട് ഓഫിസിലാണ് പാമ്പിനെ കണ്ടത്. അതും വിഷം കൂടിയ ഒന്നാന്തരം എട്ടടി മൂർഖൻ. 

കഴിഞ്ഞ ദിവസം ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ഓഫിസ് ജീവനക്കാരൻ ജോജോ തോമസ് അപേക്ഷകൾ സെക്‌ഷനുകളിലേക്കു കൈമാറാൻ പോയി തിരിച്ചെത്തിയപ്പോഴാണ് 2 മൂർഖൻ പാമ്പുകൾ ഓഫിസിനുള്ളിലൂടെ ഇഴയുന്നതു കണ്ടത്. പരിഭ്രാന്തനായ ജോജോ പ്രസിഡന്റ് അനുപമ വിശ്വനാഥിനെയും മറ്റ് ജിവനക്കാരെയും വിവരമറിയിച്ചു. തുടർന്ന് തലപ്പലം സ്വദേശി ഇടത്തിൽ ജോബി എത്തി പാമ്പുകളെ പിടികൂടി. വനം വകുപ്പിൽ വിവരമറിയിച്ചതായി പ്രസിഡന്റ് അനുപമ വിശ്വനാഥ് പറഞ്ഞു.ജീവനക്കാരൻ പുറത്തിറങ്ങിയ സമയത്താണു പാമ്പ് കയറിയതെന്നു കരുതുന്നു.   അപകടം ഒഴിവായതിന്റെ ആശ്വാസത്തിലാണ് ജീവനക്കാർ.