100 കിലോയിലധികം കഞ്ചാവ് കടത്ത്; സഹായം നൽകിയ യുവാവ് അറസ്റ്റിൽ

തലയോലപറമ്പിൽ 100 കിലോയിലധികം കഞ്ചാവ് പിടിച്ച കേസിലെ പ്രതികൾക്ക് ലഹരിവസ്തുക്കൾ വാങ്ങാൻ സാമ്പത്തികസഹായം നൽകിയ യുവാവ് അറസ്റ്റിൽ. കോട്ടയം ആർപ്പൂക്കര സ്വദേശി മിഥുൻ സി ബാബുവിനെയാണ് തലയോലപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. 100 കിലോ കഞ്ചാവ് വാങ്ങുന്നതിനായുള്ള പണം  എവിടെ നിന്ന് ലഭിച്ചു എന്ന അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങുന്നത്. വിഡിയോ റിപ്പോർട്ട് കാണാം. 

ഈ മാസം ഒൻപതിന് പുലർച്ചെയാണ് തലയോലപറമ്പിൽ കാർ തടഞ്ഞ് 100 കിലോയിലധികം വരുന്ന കഞ്ചാവും കുറഞ്ഞ അളവിൽ എംഡിഎംഎയും പിടികൂടിയത്. പൊലീസ് കാർതടയാൻ ശ്രമിച്ചപ്പോൾ രക്ഷപെടാൻ ശ്രമിച്ച കെൻസ് ബാബു , രഞ്ജിത്ത് എന്നിവരെ അതിസാഹസികമായിട്ടായിരുന്നു പിടികൂടിയത്. തുടർന്ന് കാറിൽ നടത്തിയ പരിശോധനയിലാണ് ജില്ലയിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണെന്ന് പൊലീസ് തന്നെ തിരിച്ചറിഞ്ഞത്. ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് നർക്കോട്ടിക് വിഭാഗവുമായി ചേർന്നുള്ള പരിശോധനനടത്തിയത്. റിമാൻഡ് ചെയ്ത പ്രതികളെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് കിട്ടിയ സൂചനയെ തുടർന്നാണ് മിഥുനാണ് സാമ്പത്തികസഹായം നൽകിയതെന്ന് കണ്ടെത്തിയത്. 

100 കിലോയോളം കഞ്ചാവുമായി പിടിയിലായവർക്ക് ഇത്രയളവിൽ വാങ്ങാനുള്ള സാമ്പത്തികശേഷി ഇല്ലെന്ന് തുടക്കത്തിലെ പൊലീസ് കണ്ടെത്തിയിരുന്നു. തലയോലപറമ്പിലെ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാനങ്ങളിലും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വൻ ലഹരിമരുന്ന് മാഫിയ ഇതിനു പിന്നിലുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.  അറസ്റ്റ് ചെയ്ത മിഥുനെ കോടതിയിൽ ഹാജരാക്കി.