അതിര്‍ത്തി കടന്ന് പറന്നെത്തി; പാക് ചാരനല്ല; പ്രാവിനെ തിരിച്ചയച്ചു; നടന്നത്

ചാരപ്രവര്‍ത്തനം നടത്താന്‍ ഉപയോഗിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് പിടികൂടിയ പ്രാവിനെ ജമ്മു കശ്മീര്‍ പോലീസ് വിട്ടയച്ചു.  ഇന്ത്യാ- പാക് അതിര്‍ത്തിയില്‍ കൂടി തുടര്‍ച്ചയായി പറന്നതിനെ തുടര്‍ന്നാണ് പ്രാവിനെ പിടികൂടിയത്. പാകിസ്താന്‍കാരനായ മത്സ്യത്തൊഴിലാളിയുടേതാണ് പ്രാവെന്നാണ് വിവരം,

പ്രാവിനെ സ്വതന്ത്രമാക്കിയെന്നും സംശയകരമായി യാതൊന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നും പോലീസ് അറിയിച്ചു. അതേസമയം സ്വതന്ത്രമാക്കി വിട്ടെങ്കിലും പ്രാവ് അതിന്റെ ഉടമസ്ഥന്റെ സമീപത്തേക്ക് പോകുമോയെന്ന കാര്യത്തില്‍ പോലീസിന് ഉറപ്പൊന്നുമില്ല.

കശ്മീര്‍ അതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്ന ഹബീബുള്ള എന്നയാളുടേതാണ് പ്രാവ്. അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പറന്നു നടന്നതിനെ തുടര്‍ന്ന് പ്രദേശവാസികളാണ് പ്രാവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. പ്രാവിന്റെ കാലില്‍ അണിയിച്ചിരുന്ന വളയത്തില്‍ ചില നമ്പരുകള്‍ എഴുതിവെച്ചിരുന്നു.

ഇത് ഭീകരവാദികള്‍ക്കുള്ള രഹസ്യ കോഡുകളാണെന്നായിരുന്നു ആരോപണങ്ങള്‍. എന്നാല്‍ ഇതെല്ലാം ഹബീബുള്ള നിഷേധിക്കുന്നു. പ്രാവ് പറത്തല്‍ മത്സരത്തിനായി പരിശീലിപ്പിച്ചതാണ് ആ പ്രാവെന്നാണ് ഇദ്ദേഹം പറയുന്നത്. കാലിലെ വളയത്തില്‍ ഉള്ളത് തന്റെ മെബൈല്‍ നമ്പരാണെന്നും രഹസ്യ കോഡുകള്‍ അല്ലെന്നും ഹബീബുള്ള  പറയുന്നു.