വീണ്ടും തിരക്കുകളിലേക്ക് പറന്ന് മോദി; 83 ദിവസം കഴിഞ്ഞ് ഡൽഹിക്ക് പുറത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദി 83 ദിവസത്തിന് ശേഷം ഡല്‍ഹിക്ക് പുറത്ത്. ത്രിവര്‍ണ പതാക പാറുന്ന റേയ്ഞ്ച് റോവറില്‍ വന്നിറങ്ങി വിമാനത്തിന്‍റെ പടവുകള്‍ ചടുലമായി കയറി. സാമൂഹിക അകലം പാലിച്ച്. അസമിലെ ഗംച്ച കൊണ്ട് വായും മൂക്കും മൂടി. കോവിഡ് പ്രതിസന്ധിക്കാലത്തെ അടച്ചിരിക്കലിനിടെ ആദ്യമായി വ്യോമസേന പ്രത്യേക വിമാനം പറന്നു. ഉംപുന്‍ ചുഴലിക്കാറ്റ് താണ്ഡവമാടിയ ബംഗാളിലെയും ഒഡീഷയിലെയും ദുരന്തം വിലയിരുത്താന്‍.

പ്രധാനമന്ത്രി നേരിട്ടെത്തി സ്ഥിതി വിലയിരുത്തണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി 29നാണ് മോദി ഒടുവില്‍ ഡല്‍ഹിക്ക് പുറത്തുപോയത്. ഉത്തര്‍പ്രദേശിലെ പ്രയാഗ്‍രാജില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സഹായ ഉപകരണങ്ങള്‍ നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍. കോവിഡ് ഭീഷണി നേരിടാന്‍ പ്രതിരോധ നടപടികള്‍ക്ക് ചുക്കാന്‍ പിടിച്ച് പിന്നെ ഡല്‍ഹിയില്‍ തന്നെയായിരുന്നു പ്രധാനമന്ത്രി.

മാര്‍ച്ച് 24ന് വൈകീട്ട് എട്ടിന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. 25 മുതല്‍ രാജ്യം ലോക്ഡൗണില്‍. 25ന് സ്വന്തം മണ്ഡ‍ലമായ വാരാണസിയിലെ ജനങ്ങളെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. അ‍ഞ്ചു തവണ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. കോവിഡ് നേരിടാനുള്ള നിയന്ത്രണങ്ങളും ലോക്ഡൗണിലെ ഇളവുകളും പ്രതിരോധ നടപടികളും തീരുമാനിച്ചു. മേയ് 12ന് നടത്തിയ അഭിസംബോധനയിലാണ് 20 ലക്ഷം കോടി രൂപയുടെ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. 

കേന്ദ്ര മന്ത്രിസഭാ യോഗവും നിര്‍ണായക യോഗങ്ങളും പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ 7 ലോക് കല്യാണ്‍ മാര്‍ഗില്‍വെച്ച് നടന്നു. രാജ്യാന്തരവേദികളിലും കൂട്ടായ്മകളിലും നിരന്തരം ഭാഗമായി നയതന്ത്ര ബന്ധവും ലോക നേതാക്കളുമായുള്ള വ്യക്തി ബന്ധവും നിലനിര്‍ത്തിയ മോദി കോവിഡ് കാലത്തെ മാറിയ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ലോകനേതാക്കളുമായി ആശയവിനിമയം നടത്തി. സാര്‍ക് രാജ്യങ്ങളുടെയും ജി20 രാജ്യങ്ങളിലെയും ചേരിചേരാ രാജ്യങ്ങളിലെയും രാഷ്ട്രത്തലവന്മാരുടെ യോഗങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്തു. നാലാംഘട്ടത്തില്‍ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വന്നു. രാജ്യം പതിയെ സാധാരണ നിലയിലേയ്ക്ക് നീങ്ങുകയാണ്. ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നു. ട്രെയിനുകള്‍ ഒാടിത്തുടങ്ങി. പ്രധാനമന്ത്രിയും കോവിഡ് പ്രതിരോധത്തിന്‍റെ ലോക്ഡൗണ്‍ തുറന്ന് മറ്റ് ഒൗദ്യോഗിക തിരക്കുകളിലേയ്ക്ക് പറക്കുകയാണ്.