കോവിഡ് ഏറ്റവും ഹാനിയുണ്ടാക്കിയത് ഇന്ത്യക്കാരിൽ; പഠനറിപ്പോർട്ട് പുറത്ത്

പ്രതീകാത്മക ചിത്രം

കോവിഡ് കാരണം ശ്വാസകോശത്തിന് ഏറ്റവും കൂടുതൽ ഹാനിയുണ്ടായത് ഇന്ത്യക്കാരിലെന്ന് കണ്ടെത്തൽ. കോവിഡ് മുക്തരായ ശേഷവും മാസങ്ങളോളം ശ്വാസകോശത്തിൻ്റെ പ്രവർത്തനം സാധാരണനിലയിലാകാത്ത ഒട്ടേറെപ്പേർ ഇന്ത്യയിലുണ്ട്. യൂറോപ്പിനെയും ചൈനയെയും അപേക്ഷിച്ച് ഇത്തരം രോഗികളുടെ എണ്ണം ഇന്ത്യയിൽ വളരെ കൂടുതലാണെന്നും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി. ചിലർ ഒരുവർഷത്തിനുശേഷം  പൂർണ ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെങ്കിലും പലർക്കും ജീവിതകാലം മുഴുവൻ ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നു.

207 പേരിലാണ് പഠനം നടത്തിയത്. സാര്‍സ്–കോവ്–2 (SARS-CoV-2) സംബന്ധിച്ച് രാജ്യത്ത് നടന്ന ഏറ്റവും  വലിയ ഗവേഷണമാണിത്. ഡോ. ദേവസഹായം യേശുദാസ് ക്രിസ്റ്റഫറിൻ്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൻ്റെ റിപ്പോർട്ട് പ്ലോസ് ഗ്ലോബൽ പബ്ലിക് ഹെൽത്ത് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. കോവിഡ് ആദ്യതരംഗം വ്യാപിച്ച ഘട്ടത്തിലാണ് പഠനം ആരംഭിച്ചത്. കോവിഡ് ബാധിച്ചിട്ടും കാര്യമായ ബുദ്ധിമുട്ടുണ്ടാകാത്തവർ, ഇടത്തരം പ്രശ്നങ്ങൾ നേരിട്ടവർ, സാരമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവിച്ചവർ എന്നിങ്ങനെ രോഗികളെ മൂന്നായി തിരിച്ചായിരുന്നു പഠനം. ഇവരുടെ ശ്വാസകോശത്തിൻ്റെ പ്രവർത്തനവും പൊതുവായ ആരോഗ്യവും സംബന്ധിച്ച വിശദമായ പരിശോധനകളാണ് നടത്തിയത്. രക്തപരിശോധനകൾ, ആറുമിനിറ്റ് നടത്തം, ലങ് ഫങ്ഷൻ ടെസ്റ്റുകൾ എന്നിവയെല്ലാം ഇതിൽപ്പെടും.

ശ്വാസകോശത്തിൻ്റെ ശേഷി അളക്കുന്ന ഗ്യാസ് ട്രാൻസ്ഫർ പരിശോധന (DLCO)ആയിരുന്നു പ്രധാനം. ശ്വസിക്കുന്ന വായുവിൽ നിന്ന് ഓക്സിജൻ രക്തത്തിലേക്ക് കടത്തിവിടാനുള്ള ശേഷിയാണ് ഇതിൽ പരിശോധിക്കുന്നത്. 207 പേരിൽ 44 ശതമാനത്തിനും ഗ്യാസ് ട്രാൻസ്ഫർ ശേഷി കുറഞ്ഞതായി കണ്ടെത്തി. ഇത് വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് ഗവേഷകർ പറഞ്ഞു.ശ്വാസം ഉള്ളിലേക്കെടുക്കുമ്പോൾ ശ്വാസകോശം പൂർണമായി വികസിക്കാത്ത അവസ്ഥ 35 ശതമാനം പേർക്കുണ്ട്. 8 ശതമാനം പേരിൽ ശ്വാസത്തിനുള്ളിൽ വായുവിന് അനായാസം ചലിക്കുന്നതിന് തടസമുണ്ടാകുന്നതായി കണ്ടെത്തി.  

ശ്വാസകോശപ്രശ്നങ്ങൾ മാത്രമല്ല, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അനുബന്ധരോഗങ്ങൾ കൂടുതലുള്ളതും ഇന്ത്യക്കാരിലാണെന്ന് ഗവേഷണഫലം വ്യക്തമാക്കുന്നു. കോവിഡ് സാരമായി ബാധിക്കുകയും 8 മുതൽ 10 ദിവസം വരെ ആശുപത്രിവാസം വേണ്ടിവരികയും ഓക്സിജൻ സപ്പോർട്ട് നൽകേണ്ടിവരികയും ചെയ്ത രോഗികളിൽ പലർക്കും പിന്നീട് ശ്വാസകോശത്തിൻ്റെ അറകൾ കട്ടിയാകുന്ന ലങ് ഫൈബ്രോസിസ് എന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് മുംബൈ നാനാവതി ആശുപത്രിയിലെ പൾമനോളജി വിഭാഗം മേധാവി ഡോ. സലിൽ ബെന്ദ്രെയും ചൂണ്ടിക്കാട്ടി. ദീർഘകാലത്തെ ചികിൽസ കൊണ്ട് ഇവരിൽ പലരും ആരോഗ്യം വീണ്ടെടുത്തെങ്കിലും അഞ്ചുശതമാനം പേർക്ക് ജീവിതകാലം മുഴുവൻ ശ്വാസകോശ പ്രശ്നം നിലനിൽക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Covid 19 left Indians more lung function damage when compared to Europeans and the Chinese; Report