ഹെല്‍മറ്റില്ല; ഇയര്‍ഫോണില്‍ പാട്ടുകേട്ട് യാത്ര; മൊബൈല്‍ പൊട്ടിത്തെറിച്ച് സ്കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം

woman-death
SHARE

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് സ്കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഫറൂഖാബാദ് സ്വദേശിനിയായ പൂജ എന്ന 28കാരിയാണ് അപകടത്തില്‍ മരിച്ചത്. മുംബൈയിലേക്ക് പോകുന്നതിനായി കാണ്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കുളള യാത്രമദ്ധ്യേയാണ് യുവതിക്ക് അപകടം സംഭവിച്ചത്. പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ബുധനാഴ്ച്ച രാവിലെ 10 മണിക്കാണ് അപകടമുണ്ടായത്. യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

മുബൈയിലേക്കുളള ട്രെയിനില്‍ പോകേണ്ടതിനാല്‍ സ്കൂട്ടറിലാണ് പൂജ കാണ്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് യാത്ര തിരിച്ചത്. ഇയര്‍ ഫോണില്‍ പാട്ടുകേട്ട് കൊണ്ട് സ്കൂട്ടര്‍ ഓടിക്കവേ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട സ്കൂട്ടര്‍ മുന്നിലുണ്ടായിരുന്ന ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യുവതിയുടെ തലയിലേക്കാണ് സ്കൂട്ടര്‍ മറിഞ്ഞുവീണത്.

ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ അപകടത്തില്‍ യുവതിയുടെ തലയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. ഇതാണ് മരണകാരണമായി പൊലീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. സംഭവസ്ഥലത്തെത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. യുവതി പാട്ടുകേട്ടാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. യുവതിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി വിട്ടുനൽകിയെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരഭിച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

UP Woman Dies As Mobile Phone Blasts While Riding Scooter Without Helmet

MORE IN INDIA
SHOW MORE