ചൈനയിലെ ഐഫോൺ ഉപയോക്താക്കൾക്ക് ഇനി വാട്‌സ്ആപ്പ് ഉപയോഗിക്കാനാകില്ല: ഉത്തരവിട്ട് ചൈന

വാട്‌സ്ആപ്പ്, ത്രെഡ് എന്നീ ആപ്ലിക്കേഷനുകള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിട്ട് ചൈന. ഇതുപ്രകാരം രാജ്യത്തെ ആപ്പ് സ്റ്റോറിൽ നിന്ന് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‍സാപ്പ് നീക്കം ചെയ്തതായി ആപ്പിൾ അറിയിച്ചു. ചുരുക്കിപ്പറഞ്ഞാൽ, ചൈനയിലെ ഐഫോൺ ഉപയോക്താക്കൾക്ക് ഇനി വാട്സാപ്പ് ഉപയോഗിക്കാൻ കഴിയില്ല. 

ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത മറ്റൊരു ആപ്പ് ഇൻസ്റ്റഗ്രാം ആപ്പായ ത്രെഡ്സാണ്. മെറ്റയുടെ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും മെസൻജറും ചൈനീസ് ആപ്പ് സ്റ്റോറിൽ ഇപ്പോഴും ലഭ്യമാണ്. ചൈന ഐ ഫോണുകളുടെ വലിയ വിപണിയാണ്. ചൈനയുടെ ഈ അപ്രതീക്ഷിത നീക്കത്തോട് യോജിപ്പില്ലെങ്കിലും, ഓരോ രാജ്യങ്ങളിലെയും നിയമം അനുസരിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് ആപ്പിൾ പ്രതികരിച്ചു. വിഷയത്തില്‍ തര്‍ക്കങ്ങള്‍ക്കില്ലെന്ന് തന്നെയാണ് ആപ്പിള്‍ നിലപാട്. 

ചൈനയിലെ ഇൻ്റർനെറ്റ് റെഗുലേറ്ററായ സൈബർസ്‌പേസ് അഡ്മിനിസ്‌ട്രേഷൻ സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടിയതോടെയാണ് ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തത്. സ്മാർട്ട്ഫോൺ വിപണിയിലെ വൻ മത്സരം മൂലം ചൈനയിൽ ആപ്പിളിന്റെ ഐഫോൺ വിൽപ്പന ഈ വർഷം ആദ്യം തന്നെ ഇടിഞ്ഞിരുന്നു. ഈ കാലയളവിൽ ഐഫോൺ വിൽപ്പന 24 ശതമാനമാണ് കുറഞ്ഞത്. 

ചൈനീസ് ഷോർട്ട് വീഡിയോ ആപ്പായ ടിക് ടോക്കിനെ യുഎസ് നിരോധിക്കാൻ ഒരുങ്ങുകയാണ്. ചൈനീസ് വിപണിയിൽ നിന്ന് മറ്റ് വിദേശ ആപ്പുകൾ നീക്കം ചെയ്യാൻ ചൈന ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. വാട്‌സ്ആപ്പ് നീക്കം ചെയ്യാനുള്ള ചൈനയുടെ പുതിയ ഉത്തരവ് മെറ്റ പ്ലാറ്റ്ഫോം സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് വലിയ തിരിച്ചടിയാണ്. 

Apple Pulls WhatsApp, Threads From China App Store