'അണ്‍ഹാപ്പിയാണോ? എങ്കില്‍ ജോലിക്ക് വരേണ്ട'; ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഒരു കമ്പനി

പലപ്പോഴും ജീവിക്കാനായി ജോലിക്ക് പോകുന്നവര്‍ക്ക് ജോലി കാരണം ജീവിതം തന്നെ മടുത്തുപോകാറുണ്ട്. എന്നാല്‍ ജോലിയില്‍ സമ്മര്‍ദമുണ്ടെന്നോ മനസിന് സുഖമില്ലെന്നോ പറഞ്ഞതുകൊണ്ട് ആരും ലീവ് തരില്ല. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്ക് പോലും പലര്‍ക്കും ലീവ് കൃത്യമായി കിട്ടാറുണ്ടാകില്ല. സന്തോഷക്കുറവിന് ഒരു ഡോക്ടറും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തരാത്തത് കൊണ്ടും അവധിയെടുക്കാന്‍ യാതൊരു നിര്‍വാഹവും ഇല്ലാത്തതുകൊണ്ടും ജോലിക്ക് പോകാന്‍ നിര്‍ബന്ധിതരാണ് പലരും. 

എന്നാല്‍ ഒരു കമ്പനി ഇതിന് വിപരീതമായി ഒരു തീരുമാനം എടുത്ത് കയ്യടിവാങ്ങി കൂട്ടുകയാണ്. ചൈനയിലെ ഒരു റീട്ടയിൽ മാഗ്നറ്റ് ആണ് ജീവനക്കാര്‍ക്കായി അണ്‍ഹാപ്പി അവധി അനുവദിച്ചിരിക്കുന്നത്. ഒന്നല്ല മറിച്ച് പത്ത് ദിവസമാണ് ഈ അവധി. സന്തുഷ്ടരല്ലെങ്കിൽ ജോലിക്ക് വരരുത് എന്നാണ് കമ്പനിയുടെ അഭ്യര്‍ഥന. 

കമ്പനിയുടെ സ്ഥാപകനും ചെയർമാനുമായ പാങ് ഡോങ് ലായി-യു ഡോംഗ്ലൈയാണ് ഈ പ്രഖ്യാപനം നടത്തിയത്. ജീവനക്കാർക്ക് അവരുടെ വിശ്രമ സമയം നിർണയിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ഈ അവധി മാനേജ്മെന്‍റിന് നിഷേധിക്കാനാവില്ലെന്നും നിഷേധിച്ചാല്‍ അത് നിയമലംഘനമാകുമെന്നും അദ്ദേഹം പറഞ്ഞു. 

കമ്പനിയുടെ തൊഴിൽ നയം അനുസരിച്ച് ജീവനക്കാർക്ക് ദിവസത്തിൽ ഏഴ് മണിക്കൂർ ജോലി ചെയ്യേണ്ടിവരും, വാരാന്ത്യ അവധിയും 30 മുതൽ 40 ദിവസത്തെ വാർഷിക അവധിയും ചാന്ദ്ര പുതുവർഷത്തിൽ അഞ്ച് ദിവസത്തെ അവധിയും ലഭിക്കും. ജീവനക്കാർക്ക് ആരോഗ്യകരവും ശാന്തവുമായ ജീവിതം ലഭിക്കുമ്പോള്‍ അത് കമ്പനിയുടെ വളര്‍ച്ചക്കും സഹായിക്കുമെന്നാണ് ഇവരുടെ ഭാഗം. 

ചൈനയിലെ ജോലിസ്ഥലത്തെ ഉത്കണ്ഠയെക്കുറിച്ച് 2021-ൽ നടത്തിയ ഒരു സർവേ പ്രകാരം 65 ശതമാനത്തിലധികം ജീവനക്കാർക്കും ജോലിയിൽ അസംതൃപ്തരായിരുന്നു. കമ്പനിയുടെ തീരുമാനത്തിന് സോഷ്യല്‍ മീഡിയ ആകെ കയ്യടിക്കുന്നുണ്ട്. ഇതുപോലെയൊരു കമ്പനിയേയും ബോസിനെയും ആഗ്രഹിക്കുന്നുവെന്നാണ് ഭൂരിപക്ഷം ആളുകളുടെയും അഭിപ്രായം. 

Chinese company introduces ‘unhappy leaves’