ഡിസീസ് എക്സ് കോവിഡിനേക്കാള്‍ 20 മടങ്ങ് മാരകമാകാം; മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ

ഭാവിയില്‍ മാനവരാശിയെ ബാധിച്ചേക്കാവുന്ന ഡിസീസ് എക്‌സ് അടക്കമുള്ള മഹാമാരികളുടെ ഭീഷണിയെ നേരിടാൻ പാൻഡെമിക് ഉടമ്പടിയിൽ ഒപ്പുവെക്കാൻ ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഈ ‘പൊതു ശത്രുവിനെ’ നേരിടാൻ മെയ് മാസത്തോടെ രാജ്യങ്ങൾ ഒരു മഹാമാരി ഉടമ്പടിക്ക് അന്തിമരൂപം നൽകണമെന്നും അതുവഴി ഇനിയൊരു പകര്‍ച്ചാവ്യാധി പൊട്ടിപ്പുറപ്പെടുന്നതിന് മുന്‍പ് തന്നെ നേരിടാന്‍ സജ്ജരായിരിക്കാന്‍ രാജ്യങ്ങള്‍ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഭാവിയിലെ ആഗോള മഹാമാരി എന്നാണ് ഡിസീസ് എക്സിനെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. മനുഷ്യവംശത്തെ ഒന്നാകെ തുടച്ചു നീക്കുന്ന ഒരു അജ്ഞാത രോഗം എന്നാണ് ഡബ്ല്യുഎച്ച്ഒയുടെ നിര്‍വചനം. അതിനാല്‍ തന്നെ കോവിഡ് 19 നേക്കാൾ 20 മടങ്ങ് മാരകമാകും ഡിസീസ് എക്സ് എന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കോവിഡ് 19 നെ ഡിസീസ് എക്‌സിന്റെ പ്രാരംഭ ഉദാഹരണമായാണ് കണക്കാക്കുന്നത്.

ലോകം കോവിഡ് മഹാമാരിയുടെ പിടിയിലമര്‍ന്നപ്പോള്‍ മനുഷ്യ സമൂഹത്തിനുണ്ടായ നഷ്ടങ്ങളെക്കുറിച്ചും ഗെബ്രിയേസസ് വിശദീകരിച്ചു. അപര്യാപ്തമായ സംവിധാനങ്ങളാണ് നഷ്ടങ്ങള്‍ വര്‍ധിക്കാന്‍ കാരണമായത്. പലരെയും രക്ഷിക്കാമായിരുന്നു പക്ഷേ ആവശ്യത്തിന് സ്ഥലമില്ല, ആവശ്യത്തിന് ഓക്സിജൻ ഇല്ല. ആവശ്യം വരുമ്പോൾ വിപുലീകരിക്കാൻ കഴിയുന്ന ഒരു സംവിധാനം എങ്ങനെ നിര്‍മിക്കാന്‍ സാധിക്കും? അദ്ദേഹം ചോദിക്കുന്നു. ഇതുവരെ കേട്ടു കേൾവി ഇല്ലാത്തവ ചിലപ്പോൾ സംഭവിച്ചെന്ന് വരാം. അങ്ങനെ സംഭവിക്കുന്നത്  എപ്പോഴാണ് എന്നതിനെ അടിസ്ഥാനമാക്കിയിരിക്കും ഇനി സംഭവിച്ചില്ലെങ്കിലും നമുക്ക് അജ്ഞാതമായ രോഗങ്ങളെ നമ്മൾ കരുതിയിരിക്കണം.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 7 ദശലക്ഷത്തിലധികം ജീവനാണ് കോവിഡ് 19 അപഹരിച്ചത്. എന്നാല്‍ അതിലേറെ മാരകമായ പകര്‍ച്ചാവ്യാധിയ്ക്കെതിരെയുള്ള തയ്യാറെടുപ്പില്ലായ്മ വിനാശകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാം. ഭാവിയിൽ ഒരു പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍ അതിനെ നേരിടാന്‍ ഇതിനകം നിരവധി മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. ഒരു പാൻഡെമിക് ഫണ്ട് സ്ഥാപിച്ചിട്ടുണ്ട്. അത് അടിസ്ഥാന തയ്യാറെടുപ്പിനുള്ളതാണ്. ചില രാജ്യങ്ങൾ അതിൽ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്. ഉയർന്ന വരുമാനമുള്ള പല രാജ്യങ്ങളും വാക്സിനുകൾ പൂഴ്ത്തിവെക്കുകയായിരുന്നു. ഇത് ഗുരുതരമായ പ്രശ്നമാണ്.

പാൻഡെമിക് കരാറിലൂടെ എല്ലാ പരിഹാരമാര്‍ഗങ്ങളും ഒന്നാക്കാനും എല്ലാ വെല്ലുവിളികളെയും ഒരുമിച്ച് അഭിമുഖീകരിക്കാനും വരുംതലമുറയ്ക്കായി നമ്മൾ പഠിച്ച പാഠങ്ങള്‍ ഉപയോഗിക്കാനും ഭാവിയിലേക്ക് ലോകത്തെ സജ്ജരാക്കാനും സാധിക്കുമെന്ന് ഞാന്‍ കരുതുന്നു. ഗെബ്രിയേസസ് പറയുന്നു.

World Health Organisation Diretcor General Tedros Ghebreyesus requested countries to sign the health organization’s pandemic treaty.