ഫ്ലാറ്റ് കത്തിച്ച് പൂച്ച; ലക്ഷങ്ങളുടെ നഷ്ടം; രോഷം പൂണ്ട് ഉടമ ചെയ്തത്..!

cat-fire
ചിത്രം: SCMP composite/Douyin
SHARE

പൂച്ചയുടെ കുസൃതിയില്‍ ഉടമയുടെ ഫ്ലാറ്റ് കത്തിനശിച്ചു. ചൈനയിലാണ് സംഭവം. അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഇൻഡക്ഷൻ കുക്കര്‍  പൂച്ചയുടെ കാൽതട്ടി ഓണായതാണ് ഫ്ലാറ്റ് കത്തിനശിക്കാന്‍ കാരണം. സംഭവസമയത്ത് പൂച്ചയുടെ ഉടമയായ ഡാന്‍റണ്‍ എന്ന സ്ത്രീ വീട്ടിലില്ലാതിരുന്നതും വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമായി. ഏകദേശം 11 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമാണ് തന്‍റെ വളര്‍ത്തു പൂച്ചയായ  ജിങ്കൗഡിയോ കാരണം ഡാന്‍റണിന് ഉണ്ടായതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതിനെല്ലാം മറുപടിയെന്നോണം ഡാന്‍റണ്‍ തന്‍റെ പൂച്ചയോട് ചെയ്തത് കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ ലോകം.

തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയില്‍ ഏപ്രില്‍ നാലിനാണ് സംഭവം നടന്നത്. തന്‍റെ വളര്‍ത്തുപൂച്ചയെ പതിവുപോലെ വീട്ടിലാക്കിയാണ് ഡാന്‍റണ്‍ ജോലിക്കു പോയത്. എന്നാല്‍ അടുക്കളയിലൂടെ നടക്കുന്നതിനിടയില്‍ ജിങ്കൗഡിയോയുടെ കാല്‍ ഇൻഡക്ഷൻ കുക്കറില്‍ തട്ടി കുക്കര്‍ ഓണായി. ഏറെ നേരം കുക്കര്‍ പ്രവര്‍ത്തിച്ചത് തീപിടുത്തത്തിന് കാരണമായി. ഫ്ലാറ്റിന്‍റെ പകുതി ഭാഗവും കത്തിനശിച്ചു. 

ഫ്ലാറ്റില്‍ നിന്നും അസ്വാഭാവികമായി പുക ഉയരുന്നത് കണ്ട കോമ്പൗണ്ടിലെ പ്രോപ്പർട്ടി മാനേജുമെന്‍റ് സ്റ്റാഫാണ് ഉടനെ വിവരം ഡാന്‍റണെ വിളിച്ചറിയിച്ചത്. ഡാന്‍റണ്‍ സ്ഥലത്തെത്തിയപ്പോഴേക്കും വലിയ നാശനഷ്ടം ഫ്ലാറ്റിന് സംഭവിച്ചിരുന്നു. എന്നാല്‍ പൂച്ചയ്ക്ക് യാതൊരുവിധ പരുക്കും സംഭവിച്ചിരുന്നില്ല. തീപിടുത്തത്തിന്‍റെ കാരണം അറിയാന്‍ അവര്‍  സിസടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പൂച്ചയുടെ കാൽ തട്ടി ഇന്‍ഡക്ഷൻ കുക്കർ ഓണായത് കണ്ടെത്തിയത്. സംഭവത്തിന്‍റെ വിവരങ്ങള്‍ ഡാന്‍റണ്‍ തന്നെയാണ് തന്‍റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.

ഇതിനെല്ലാം ശേഷം ഡാന്‍റണ്‍ തന്‍റെ സാമൂഹമാധ്യമ അക്കൗണ്ടിലെ പേര് ഡൂയിൻ എന്നതില്‍ നിന്നും 'സിച്ചുവാനിലെ ബാഡ് ആസ് ക്യാറ്റ്' എന്നാക്കി മാറ്റി.  ശേഷം വീടിന് തീവെച്ചതിന് നഷ്ടപരിഹാരം എന്ന തരത്തില്‍ പൂച്ചയെ ലൈവ് സ്ട്രീമിങ് സെഷനുകളില്‍ നിര്‍ബന്ധപൂര്‍വ്വം പങ്കെടുപ്പിച്ചു. ഇത്തരത്തില്‍ തത്സമയ-സ്ട്രീമിംഗ് സെഷനുകളിൽ പ്രത്യക്ഷപ്പെട്ട് അവൻ (പൂച്ച) കടം വീട്ടുകയാണ് എന്ന് തമാശരൂപേണ സോഷ്യല്‍ ലോകത്തെ അറിയിച്ചു. കൂടാതെ വീടിന് തീവെയ്ക്കുന്നവന്‍ എന്നൊരു പേര് കൂടി ജിങ്കൗഡിയോ എന്ന തന്‍റെ പൂച്ചയ്ക്ക് നല്‍കി. ദിവസങ്ങള്‍ക്ക് ശേഷം പൂച്ചയുടെ വിരലടയാളം പതിച്ച ഒരു മാപ്പപേക്ഷയും ഡാന്‍റണ്‍ പോസ്റ്റ് ചെയ്തു. 

ഈ സംഭവം സോഷ്യല്‍ ലോകത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെ നിരവധിയാളുകളാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. ഡാന്‍റണിന്‍റെ ഈ നടപടിയില്‍ കയ്യടിച്ച് നിരവധി മൃഗസ്നേഹികളും കമന്‍റുമായെത്തി. തനിക്കുമുണ്ട് ഇങ്ങനെ കുസൃതിയുളള ഒരു പൂച്ച. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദി എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. ഇത്രയേറെ നഷ്ടം വരുത്തി വച്ച പൂച്ചയെ എന്ത് വിശ്വസിച്ച് കൂടെ നിര്‍ത്തും എന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം.

MORE IN WORLD
SHOW MORE