യൂറോപ്പിൽ തത്തപ്പനി പടരുന്നു; ലക്ഷണങ്ങളും ചികിൽസയും അറിയാം

യൂറോപ്പിൽ സിറ്റാക്കോസിസ് അഥവാ 'തത്തപ്പനി' പടർന്നു പിടിക്കുന്നതായി ലോകാരോ​ഗ്യ സംഘടന. നിലവിൽ അഞ്ചു പേർ തത്തപ്പനി ബാധിച്ച് മരിച്ചിട്ടുള്ളതായാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡെൻമാർക്കിൽ നാല് മരണവും നെതർലാൻഡിൽ ഒരു മരണവുമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. കൂടാതെ ആസ്ട്രിയ, ജർമനി, സ്വീഡൻ എന്നിവിടങ്ങളിലും നിരവധി ആളുകൾ തത്തപ്പനി ബാധിച്ച് ചികിത്സയിലാണ്. 2023 ഓടുകൂടി തന്നെ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ തത്തപ്പനി സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 

എന്താണ് തത്തപ്പനി?‌

ക്ലമിഡിയ കുടുംബത്തിൽ പെടുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോ​ഗമാണിത്. പേര് തത്തപ്പനി എന്നാണെങ്കിലും മറ്റ് പക്ഷികൾ മുഖേനയും രോ​ഗം പടരാം. മറ്റു പക്ഷികളെ അപേക്ഷിച്ച് തത്തകളിലാണ് ഈ അസുഖം കൂടുതലായും കണ്ടുവരുന്നത് എന്നുമാത്രം. കാട്ടിൽ വസിക്കുന്നവ മാത്രമല്ല വീട്ടിലും ഫാമുകളിലും വളർത്തുന്ന പക്ഷികളിലൂടെയും രോ​ഗം പടരാം.

രോ​​ഗലക്ഷണങ്ങൾ‌

‌‌പനി, വിറയൽ, പേശീവേദന, ഛർദ്ദി, ഓക്കാനം, ക്ഷീണം, വരണ്ട ചുമ, തലവേ​​ദന എന്നിവയാണ് പൊതുവേ കാണപ്പെടുന്ന ലക്ഷണങ്ങൾ. ബാക്ടീരിയ ശരീരത്തിലെത്തി അഞ്ചു മുതൽ 14 ദിവസങ്ങൾക്കിടയിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തു‌ടങ്ങും. ഇവ കൂടാതെ ശ്വാസതടസം, നെഞ്ചുവേദന, പ്രകാശത്തിൽ നിൽക്കുമ്പോൾ അസ്വസ്തത എന്നിവയും കണ്ടുവരാറുണ്ട്.

രോ​ഗം ബാധിച്ച പക്ഷികളിൽ വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, കണ്ണുകളിൽ നിന്നും മൂക്കിൽ നിന്നും വെള്ളം വരുക, വയറിളക്കം, ശ്വാസ തടസം എന്നിവയാണ് കണ്ടുവരാറുള്ളത്. എന്നിരുന്നാലും ബാക്ടീരിയ ശരീരത്തിലെത്തിയ എല്ലാ പക്ഷികളും ലക്ഷണങ്ങൾ കാണിക്കണം എന്നില്ല. എന്നാൽ ഇവയ്ക്കും രോ​ഗം പടർത്താനാകും.

രോ​ഗപകർ‍ച്ച

രോഗം ബാധിച്ച പക്ഷികളുമായി സമ്പർക്കം പുലർത്തുന്നവർക്കാണ് രോ​ഗ​ബാധയേൽക്കാൻ സാധ്യത കൂടുതൽ. രോഗലക്ഷണങ്ങൾ ഉള്ളതോ ഇല്ലാത്തതോ ആയ പക്ഷികൾക്ക് ശ്വസിക്കുന്നതിലൂടെയും വിസർജ്ജനത്തിലൂടെയും ബാക്ടീരിയകളെ പുറന്തള്ളാൻ സാധിക്കും. പക്ഷികളുടെ കൊത്തു കിട്ടുന്നതിലൂടെയും അഥവാ വായുമായോ കൊക്കുമായോ ഉള്ള സമ്പർക്കത്തിലൂടെയും രോ​ഗബാധയേൽക്കാം. രോഗമുള്ള പക്ഷികളുടെ വിസർജ്യങ്ങളിൽ നിന്നുയരുന്ന പൊടി ശ്വസിക്കുന്നതിലൂടെയും ബാക്ടീരിയ മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കും.

അതേസമയം മനുഷ്യരിൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോ​ഗം പടരില്ല. മാത്രമല്ല പക്ഷികളുടെ ഇറച്ചി പാകം ചെയ്ത് കഴിക്കുന്നതിലൂടെ രോ​ഗ ബാധയേൽക്കാം എന്നതിനും ഇതുവരെ തെളിവുകളില്ല.

ചികിൽസ 

തത്തപ്പനിയുള്ള വ്യക്തികൾക്ക് രോഗലക്ഷണങ്ങൾ അനുസരിച്ചാണ് ചികിൽസ. ആൻറിബയോട്ടിക്കുകളും മറ്റ് മരുന്നുകളും ചികിൽസയിൽ ഉപ​യോ​ഗിക്കാറുണ്ട്. ചികിൽസിച്ചില്ലെങ്കിൽ ന്യുമോണിയ, ഹൃദയ വാൽവുകളിൽ വീക്കം, ഹെപ്പറ്റൈറ്റിസ്, ന്യൂറോളജിക്കൽ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. അപൂർവമായ സന്ദർഭങ്ങളിൽ തത്തപ്പനി മരണത്തിനും കാരണമാകാം.

Parrot Fever outbreak in Europe: symptoms, causes, treatment.