വീണ്ടും പണിമുടക്കി ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും; 'കലിച്ച്' ഉപയോക്താക്കള്‍

fb-insta-15
SHARE

സമൂഹമാധ്യമ പ്ലാറ്റ്​ഫോമുകളായ ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും ലോകവ്യാപകമായി വീണ്ടും പണിമുടക്കി. രാവിലെയാണ് തകരാര്‍ സംഭവിച്ചതായി ഉപയോക്താക്കള്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.പേജുകളും ഫീച്ചറുകളും ലഭ്യമാകുന്നില്ലെന്നും  അക്കൗണ്ട് ലോഗിന്‍ പോലും നടക്കുന്നില്ലെന്നുമായിരുന്നു ഉപയോക്താക്കളുടെ പരാതി.

ഫെയ്സ്ബുക്കും ഇന്‍സ്റ്റയും കിട്ടാതായതിന്‍റെ കലിപ്പ് മുഴുവന്‍ ആളുകള്‍ എക്സില്‍ (ട്വിറ്റര്‍) എത്തിയാണ് തീര്‍ത്തത്. ഫെയ്സ്ബുക്ക് ഡൗണ്‍, ഇന്‍സ്റ്റഗ്രാം ഡൗണ്‍ എന്നീ ഹാഷ്ടാഗുകള്‍ അതിവേഗം ട്രെന്‍ഡിങിലുമെത്തി. പ്രൊഫൈലുകളിലെ അപ്ഡേഷനോ, വെബ്സൈറ്റോ പോലും ലഭ്യമായില്ലെന്നും ആളുകള്‍ കുറിച്ചു. 

ഇന്‍സ്റ്റഗ്രാമിലാണ് ലോഗിന്‍ ചെയ്യാന്‍ കഴിയാത്തതായുള്ള പ്രശ്നം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. 600 പേര്‍ റിപ്പോര്‍ട്ട് ചെയ്തത് പരിശോധിച്ചപ്പോള്‍ 66 പേരും ആപ്പ് തന്നെ പണിമുടക്കിയെന്നും 26 ശതമാനം പേര്‍ക്ക് ഇന്‍സ്റ്റ വെബില്‍ കിട്ടുന്നില്ലെന്നുമായിരുന്നു പരാതി. അതേസമയം സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ തകരാറിലായെന്ന വാര്‍ത്തയോടെ് മെറ്റ ഇതുവരേക്കും പ്രതികരിച്ചിട്ടില്ല. ലോകവ്യാപകമായി തകരാറുണ്ടാകാനുള്ള കാരണം അവ്യക്തമാണ്. തകരാര്‍ പൂര്‍ണമായി പരിഹരിക്കപ്പെട്ടോ എന്നതിലും വ്യക്തതയില്ല.  

ഫെയ്സ്ബുക്ക് പണിമുടക്കുമ്പോഴെല്ലാം ഇന്‍സ്റ്റഗ്രാമും പണിമുടക്കുന്നത് പതിവായിട്ടുണ്ട്. എന്നാല്‍ പിന്നീട് തകരാര്‍ പരിഹരിക്കുകയും ആളുകള്‍ ആക്ടീവാകുകയുമാണ് പതിവ്. ഇരുന്നയിരിപ്പില്‍ ഫെയ്സ്ബുക്കും ഇന്‍സ്റ്റയും പണിമുടക്കിയത് പലരും തമാശയായി എടുത്തപ്പോള്‍,ചിലര്‍ക്ക് സത്യത്തില്‍ നല്ല ദേഷ്യം വന്നു. മറ്റു ചിലരാവട്ടെ, അക്കൗണ്ട് മറ്റാരോ ഹാക്ക് ചെയ്തുവെന്ന ആശങ്കയാണ് പങ്കുവച്ചത്. സൈബര്‍ ആക്രമണമാണോ എന്ന ആശങ്കയും പലര്‍ക്കുമുണ്ടായി. 

Facebook and instagram users face outage globally

MORE IN WORLD
SHOW MORE