ലണ്ടനിലെ ബസ് സ്റ്റോപില്‍ ഇന്ത്യന്‍ വംശജ കുത്തേറ്റ് മരിച്ചു; യുവാവ് അറസ്റ്റില്‍

indian-lady-london-15
SHARE

ഇന്ത്യന്‍ വംശജയായ 66കാരി ലണ്ടനില്‍ ബസ് കാത്ത് നില്‍ക്കവേ കുത്തേറ്റ് മരിച്ചു. വടക്കു പടിഞ്ഞാറന്‍ ലണ്ടനിലെ ബ്രന്‍റ് ഓക് ബ്രോഡ്​വേയിലാണ് സംഭവം. എന്‍.എച്ച്.എസില്‍ മെഡിക്കല്‍ സെക്രട്ടറിയായി ജോലി ചെയ്തിരുന്ന അനിത മുഖേയാണ് കൊല്ലപ്പെട്ടത്. ബസ് കാത്തു നിന്ന അനിതയെ ജലാല്‍ ദബെല്ലയെന്ന 22കാരന്‍ നെഞ്ചിലും കഴുത്തിലും മാരകമായി കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. 

മേയ് ഒന്‍പതിന് രാവിലെയായിരുന്നു സംഭവം. ബസ് സ്റ്റോപില്‍ നിന്നവര്‍ ഉടന്‍ തന്നെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും പാര മെഡിക്കല്‍ വിഭാഗവുമെത്തി. അടിയന്തര ചികില്‍സ ലഭ്യമാക്കിയെങ്കിലും അനിതയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 

പ്രതിയെ അന്ന് തന്നെ പൊലീസ് വധശ്രമക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. മാരകായുധം കൈവശം വച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവമായിപ്പോയെന്നും അനിതയുടെയും കുടുംബത്തിന്‍റെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും എന്‍.എച്ച്.എസ് കുറിപ്പില്‍ വ്യക്തമാക്കി.

പട്ടാപകല്‍ ആളുകള്‍ നോക്കി നില്‍ക്കെ അക്രമി കൊലപാതകം നടത്തിയത് പ്രദേശത്തെ ഇന്ത്യന്‍ വംശജരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. അക്രമി അനിതയെ കുത്തിപ്പരുക്കേല്‍പ്പിച്ചതോടെ ബസ് സ്റ്റോപിലുണ്ടായിരുന്നവര്‍ അലറി വിളിച്ചാണ് അക്രമിയെ തടഞ്ഞതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. അനിതയുടെ കയ്യിലെ ബാഗ് അക്രമി തട്ടിപ്പറിക്കാന‍് ശ്രമിച്ചപ്പോള്‍ അനിത ചെറുത്തതോടെയാണ് മാരകമായി കുത്തിപ്പരുക്കേല്‍പ്പിച്ചെതന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍  അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ ലണ്ടനിലെ ഓള്‍ഡ് ബെയ്​ലി കോടതിയില്‍ ഹാജരാക്കി. കേസില്‍ ഓഗസ്റ്റില്‍ കോടതി വാദം കേള്‍ക്കും.

MORE IN WORLD
SHOW MORE