ഡിസീസ് എക്സ് അപകടകാരിയായേക്കും; ചര്‍ച്ച ചെയ്യാന്‍ വേള്‍ഡ് ഇക്കണോമിക് ഫോറം

കോവിഡ് 19 നെക്കാള്‍ 20 മടങ്ങ് കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഡിസീസ് എക്സിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വേള്‍ഡ് ഇക്കണോമിക് ഫോറം. ഈ ആഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസിലാണ് വേള്‍ഡ് ഇക്കണോമിക് ഫോറം ചേരുക. കോവിഡിനെക്കാള്‍ അപകടകാരിയായ മഹാമാരിയെ നേരിടാന്‍ ലോകരാജ്യങ്ങള്‍ തയ്യാറായിരിക്കണമെന്ന് 76ാമത് ആഗോള ആരോഗ്യസഭയില്‍ ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ ഡിസീസ് എക്സിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. 

ലോകാരോഗ്യ സംഘടന തലവന്‍ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് നയിക്കുന്ന സെഷനില്‍ ബ്രസീലിയന്‍ ആരോഗ്യ മന്ത്രി നിസിയ ട്രിന്‍ഡേഡ് ലിമ, റോയല്‍ ഫിലിപ്സ് സിഇഒ റോയ് ജേക്കബ്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍ ആസ്ട്ര സെനെക്കയുടെ ബോര്‍ഡ് ചെയര്‍ മൈക്കല്‍ ഡെമാരേ, അപ്പോളോ ആശുപത്രി ശൃംഖലയുടെ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ പ്രീത റെഡ്ഡി തുടങ്ങിയവര്‍ സെഷനില്‍ പങ്കെടുക്കും. 

രോഗനിര്‍ണയം, വാക്സിനേഷന്‍, ഡ്രഗ് തെറാപ്പി എന്നിവയുടെ വികസനം പ്രോത്സാഹിപ്പിക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഭാവിയില്‍ ഉടലെടുത്തേക്കാവുന്ന മഹാമാരിയെ ചെറുക്കാന്‍  ഈ തയ്യാറെടുപ്പുകള്‍ പ്രയോജനപ്പെടുമെന്നാണ് നിരീക്ഷണം. 2014-2016 ല്‍ പശ്ചിമ ആഫ്രിക്കയില്‍ എബോള പടര്‍ന്നുപിടിച്ച സമയത്ത് തയ്യാറെടുപ്പുകള്‍ ആരംഭിക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് 11000ത്തോളം പേരുടെ ജീവന്‍ നഷ്ടമായിരുന്നു. അത്തരം ഒരു സാഹചര്യം ഒഴിവാക്കാനാണ് ലോകാരോഗ്യസംഘടനയുടെ നീക്കം. ഭാവിയില്‍ ഉണ്ടായേക്കാവുന്ന  മഹാമാരികളെ പ്രതിരോധിക്കാന്‍ ആരോഗ്യരംഗത്ത് സ്വീകരിക്കേണ്ട തയ്യാറെടുപ്പുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറം വ്യക്തമാക്കി.

World leaders to meet to discuss threat of hypothetical ‘Disease X’ pandemic in Davos