'മരണം കോവിഡ് ബാധിച്ചായിരിക്കില്ല, പട്ടിണിമൂലമായിരിക്കും'; ദുരിതജീവിതവുമായി ചേരിനിവാസികൾ

സമ്പൂര്‍ണ ലോക്ഡൗണ്‍ ഡല്‍ഹിയിലെ ചേരിനിവാസികളുടെ ജീവിതം ദുസ്സഹമാക്കുന്നു. പട്ടിണിയും ആരോഗ്യപ്രശ്നങ്ങളുമാണ് ചേരിനിവാസികള്‍ നേരിടുന്ന പ്രധാനപ്രശ്നം. ഇങ്ങനെ പോയാല്‍ കോവിഡ് ബാധിച്ചായിരിക്കില്ല, മറിച്ച് പട്ടിണിമൂലം മരിക്കുമെന്ന് ചേരിനിവാസികള്‍ പറയുന്നു. 

ഡല്‍ഹി അണ്ണാനഗര്‍ ചേരിയിലെ 54വയസുള്ള ബര്‍പ്പായ് ആശങ്കയിലാണ്. മാലിന്യം നീക്കം ചെയ്യുന്ന ബര്‍പ്പായിയുടെ ഒന്‍പതംഗ കുടുംബം സാമൂഹ്യഅകലം പാലിച്ച് കഴിയേണ്ടത് ഈ ഒരുമുറി വീട്ടിലാണ്.  കണ്‍മുന്‍പിലുള്ളത് പട്ടിണിയും ചേരിയിലെ ദുരിതവും.

പ്രധാനമന്ത്രിയുടെ ലോക്ഡൗണ്‍ പ്രഖ്യാപനത്തോടെ തൊഴില്‍ നഷ്ടപ്പെട്ടു. ഏത് നിമിഷവും പട്ടിണി പടികയറിവരുമെന്ന് ബര്‍പ്പായി പറയുന്നു. ശാസ്ത്രിപാര്‍ക്കിലും സ്ഥിതി വ്യത്യസ്തമല്ല. രോഗികളായ കുട്ടികളടക്കമുള്ളവര്‍ക്ക് ചികില്‍സ നല്‍കാന്‍ പോലും കഴിയാത്ത സാഹചര്യമാണെന്ന് സാഹിദ് അലി. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ ഫയലില്‍ നിന്ന് ഇറങ്ങി എത്തേണ്ടിടത്ത് ഇതുവരെ എത്തിയില്ലെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.