ചാന്ദ്രയാൻ–2 പരാജയപ്പെട്ടത് മോദിയുടെ സാന്നിധ്യം മൂലം: കുമാരസ്വാമി; വിവാദം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യമാണ് ചാന്ദ്രയാൻ– 2ന്റെ അവസാന നിമിഷത്തെ പരാജയത്തിന് കാരണമെന്ന് കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ്ങിന് സാക്ഷ്യം വഹിക്കാൻ മോദി ബെംഗളുരുവിലെത്തിയത് 'അപശകുനം' ആയിക്കാണുമെന്ന കുമാരസ്വാമിയുടെ പ്രസ്താവന വിവാദമായിരിക്കുകയാണ്. 

''ചാന്ദ്രയാന്റെ വിജയം ഏറ്റെടുക്കാനാണ് മോദി ബെംഗളുരുവിലെത്തിയത്. എന്നാൽ ഇസ്രോ കേന്ദ്രത്തിൽ മോദി കാലെടുത്തുകുത്തിയപ്പോൾ തന്നെ അത് അപശകുനമായി മാറിയിട്ടുണ്ടാകാം. എനിക്കറിയില്ല''- കുമാരസ്വാമി പറഞ്ഞു. 

''ശാസ്ത്രജ്ഞരുടെ 10-12 വർഷത്തെ അധ്വാനമുണ്ട് ദൗത്യത്തിന് പിന്നിൽ‌. 2008-2009 കാലത്ത് ദൗത്യത്തിനുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ട്. ചാന്ദ്രയാൻ രണ്ടിന് പിന്നിൽ താനാണെന്ന് വരുത്തിത്തീർക്കാനാണ് മോദി ഇവിടെ എത്തിയത്. മുഖ്യമന്ത്രി യെദിയൂരപ്പ, ഉപമുഖ്യമന്ത്രിയും മോദിക്കൊപ്പം ഇസ്രോയിലെത്തിയെങ്കിലും അവരോട് അവിടെ നിന്ന് മടങ്ങാൻ ആവശ്യപ്പെട്ടു. ജനങ്ങളെ സേവിക്കുന്ന സർക്കാരിന്റെ അവസ‌്ഥയാണിത്''- കുമാരസ്വാമി പറഞ്ഞു.

സെപ്തംബർ ഏഴിനാണ് വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡ് ക്രമീകരിച്ചിരുന്നത്. എന്നാൽ ചാന്ദ്രോപരിതലത്തിന് അടുത്തുവെച്ച് ലാൻഡറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു.