ജെഡിഎസ് എന്‍ഡിഎ സഖ്യത്തില്‍; ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്ന് കുമാരസ്വാമി; കേരളത്തില്‍ സഖ്യമില്ല

ബിജെപി–ജെഎസ്എസ് സഖ്യം യാഥാര്‍ഥ്യമായി. അമിത് ഷായെ എച്ച്.ഡി കുമാരസ്വാമി ഡല്‍ഹിയില്‍ കണ്ടതിന് പിന്നാലെ ജെഡിഎസിനെ എന്‍ഡിയിലേയ്ക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ സ്വാഗതം ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒന്നിച്ച് മല്‍സരിക്കും. സീറ്റ് വിഭജനം വൈകാതെ പൂര്‍ത്തിയാക്കും. ബിജെപിക്കൊപ്പം പോകില്ലെന്നും തുടര്‍നടപടി തീരുമാനിക്കാന്‍ സംസ്ഥാന സമിതി വിളിച്ചതായും ജെഡിഎസ് കേരള നേതൃത്വം വ്യക്തമാക്കി.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ജെഡിഎസും ബിജെപിയും അടുത്തത്. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയാണ് സഖ്യ ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തത്. എന്‍ഡിഎ വിപുലീകരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടും നിലനില്‍പ്പിന് മറ്റു വഴികളില്ലെന്ന ജെഡിഎസിന്‍റെ ബോധ്യവും സഖ്യ നീക്കം യഥാര്‍ഥ്യമാക്കി. ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഢയുെടയും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്‍റെയും സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച്ച. പിന്നാലെ ജെഡിഎസ് എന്‍ഡിഎയിലെത്തിയത് ജെ.പി നഡ്ഢ ഒൗദ്യോഗികമായി അറിയിച്ചു. സീറ്റുകളുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെന്ന് കുമാരസ്വാമി.

കര്‍ണാടകയിലെ 28 ലോക്സഭാ സീറ്റില്‍ ബിജെപി 2019ല്‍ 25 സീറ്റില്‍ വിജയിച്ചു. കോണ്‍ഗ്രസും ജെഡിഎസും ഒാരോ സീറ്റിലും. 2024ല്‍ മാണ്ഡ്യ, ഹാസന്‍, െബംഗളൂരു റൂറല്‍, ചിക്കബല്ലാപുര്‍ സീറ്റുകള്‍ ബിജെപി ജെഡിഎസിന് നല്‍കിയേക്കും. 2007െല ബിജെപി ജെഡിഎസ് സഖ്യത്തിന് 20 മാസമായിരുന്നു ആയുസ്. കേരളത്തിലെ ജെഡിഎസ് എന്‍ഡിഎയുടെ ഭാഗമാകില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് മാത്യു ടി തോമസ് അറിയിച്ചു. ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ ഒക്ടോബര്‍ 7ന് സംസ്ഥാന സമിതി ചേരും.  

JD(S) announces alliance with BJP; Nadda welcomes Karnataka party into NDA fold

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ