മാണ്ഡ്യയില്‍ ജയിച്ച പോലെയാണ്, പ്രചാരണം പോലും ആവശ്യമില്ലെന്ന് എച്ച്.ഡി.കുമാരസ്വാമി

ജെ.ഡി.എസിനു കര്‍ണാടകയില്‍ മിന്നും ജയമുണ്ടാകുമെന്നും മാണ്ഡ്യയില്‍ ഇപ്പോള്‍ തന്നെ ജയിച്ച അവസ്ഥയിലാണ് പ്രചാരണം പോലും ആവശ്യമില്ലെന്നും ജെ.ഡി.എസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി. കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യമാണു എന്‍.ഡി.എയിലെത്തിച്ചതെങ്കിലും കേരളത്തിലെ ജെ.ഡി.എസും  ഇക്കാര്യം വൈകാതെ അംഗീകരിക്കും. കേന്ദ്രമന്ത്രിയാകുമെന്ന പ്രസ്താവന മോഹം മാത്രമാണന്നും ഉറപ്പുകള്‍ കിട്ടിയിട്ടില്ലെന്നും കുമാരസ്വാമി മനോരമ ന്യൂസിനോടു പറഞ്ഞു.

മാണ്ഡ്യ ഉള്‍പ്പെടെ എന്‍.ഡി.എ മുന്നണിയില്‍ ജെ.ഡി.എസ് മത്സരിക്കുന്ന മൂന്നു മണ്ഡലങ്ങളിലും കടുത്ത മത്സരം നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയ കുമാരസ്വാമി തികഞ്ഞ ആത്മ വിശ്വാസത്തിലാണ്. സഖ്യത്തില്‍ തുടക്കത്തിലുണ്ടായിരുന്ന കല്ലുകടികള്‍ ഇല്ലാതായി. ബി.ജെ.പി.–ജെ.ഡി.എസ് പ്രവര്‍ത്തകര്‍ താഴെതട്ടില്‍ ഒറ്റമനസായാണു പ്രവര്‍ത്തിക്കുന്നത്. കേന്ദ്രകൃഷിമന്ത്രിയാകണമെന്നത് ആഗ്രഹം മാത്രമാണ്. ഒരു വാഗ്ദാനവും കിട്ടിയിട്ടില്ല.

കര്‍ണാടകയില്‍ താമരയ്ക്കൊപ്പവും കേരളത്തില്‍ ഇടതുപക്ഷത്തിനൊപ്പവും നല്‍ക്കുന്നത് എങ്ങനെയെന്ന ചോദ്യത്തിന് കര്‍ണാടക സാഹചര്യങ്ങളാണു പാര്‍ട്ടിയെ എന്‍.ഡി.എയില്‍ എത്തിച്ചതെന്നും കേരള ഘടത്തിനും കാര്യങ്ങള്‍ ബോധ്യപ്പെടുമെന്നുമായിരുന്നു കുമാരസ്വാമിയുടെ മറുപടി

ബി.ജെ.പിയില്‍ ചേര്‍ന്നെങ്കിലും സിറ്റിങ് എം.പിയായ സുമലത ഇതുവരെ ജെ.ഡി.എസിനായി രംഗത്തിറങ്ങിയിട്ടില്ല. എതിരാളി കോണ്‍ഗ്രസിലെ വെങ്കിട്ട രാമേഗൗഡയ്ക്കായി രാഹുല്‍ ഗാന്ധിയടക്കമുള്ള മുതിര്‍ന്ന നേതാക്കളെയെത്തിച്ചു കടുത്ത പ്രചാരണമാണു നടത്തുന്നത്.