എഴുന്നേല്‍ക്കാന്‍ അണികളുടെ താങ്ങ്; പോരാട്ടച്ചൂടില്‍ വീല്‍ചെയറിലെത്തി തേജസ്വി; വിഡിയോ

ഇന്ത്യ മുന്നണി പ്രതീക്ഷ വയ്ക്കുന്ന ബിഹാറില്‍ കനത്ത രാഷ്ട്രീയ പോരാട്ടമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടക്കുന്നത്. 40 സീറ്റുള്ള സംസ്ഥാനത്ത് ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. മൂന്ന് ഘട്ടങ്ങളില്‍ 14 മണ്ഡലങ്ങളിലെ പോളിങ് പൂര്‍ത്തിയായിട്ടുണ്ട്. ബിഹാറില്‍ ഇന്ത്യ സഖ്യത്തിന്‍റെ പ്രചാരണത്തില്‍ പ്രധാനിയാണ് ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവ്. എന്നാല്‍ അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങള്‍ വലയ്ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍, നടുവേദനയെ തുടര്‍ന്ന് ധരിച്ച വെയ്സ്റ്റ് ബെല്‍ട്ട് ഉയര്‍ത്തി കാണിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പ്രവര്‍ത്തകരോട് സംസാരിച്ചിരുന്നു. നടുവേദനയെ തുടര്‍ന്ന് കുത്തിവെയ്പ്പെടുത്താണ് തിരഞ്ഞെടുപ്പ് വേദികളില്‍ പങ്കെടുക്കുന്നതെന്ന് തേജസ്വി റാലിയില്‍ പറഞ്ഞു. സംസാരിക്കുന്നതിനിടെ ഷര്‍ട്ട് പൊക്കി വെയ്സ്റ്റ് ബെല്‍ട്ട് പ്രവര്‍ത്തകരെ ഉയര്‍ത്തി കാണിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ അദ്ദേഹത്തിന്‍റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്.

റാലിയില്‍ സംസാരിക്കാന്‍ വേണ്ടി എഴുന്നേല്‍ക്കുന്നതിന് തേജസ്വി‌ യാദവിനെ പ്രവര്‍ത്തകര്‍ സഹായിക്കുന്നത് വിഡിയോയില്‍ കാണാം. ഡോക്ടര്‍ മൂന്നാഴ്ച വിശ്രമം പറഞ്ഞെന്നും എന്നാല്‍ താന്‍ ജനങ്ങള്‍ക്കായി പോരാടാനാണ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. 'അസഹ്യമായ നടുവേദന കാരണം വേദനസംഹാരികള്‍ കഴിച്ചാണ് ഇവിടെ വന്നിരിക്കുന്നത്. അരക്കെട്ടില്‍ ബെല്‍ട്ടും ധരിച്ചിട്ടുണ്ട്. നടക്കുകയോ നില്‍ക്കുകയോ ചെയ്യാതെ മൂന്നാഴ്ച വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. തിരഞ്ഞെടുപ്പ് അഞ്ച് വര്‍ഷത്തിലൊരിക്കലാണ്. ഇന്ന് ഞാന്‍ നിങ്ങള്‍ക്കായി പോരാടിയില്ലെങ്കില്‍ നിങ്ങളുടെ പട്ടിണിയും തൊഴിലില്ലായ്മയും വിലക്കയറ്റവും അഞ്ചു വര്‍ഷം കൂടി നിലനില്‍ക്കും. അതിനാല്‍ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നത് വരെ ഞാന്‍ മിണ്ടാതിരിക്കില്ല', എന്നാണ് അദ്ദേഹം തടിച്ചുകൂടിയ ജനത്തോടായി പറയുന്നത്.  

നട്ടെല്ലുമായി ബന്ധപ്പെട്ട് മേയ് ആറിന് തേജസ്വി യാദവ് പട്നയിലെ ഇന്ദിര ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എംആര്‍ഐ സ്കാനിഗ് നടത്തിയിരുന്നു. തേജസ്വിയുടെ എക്സ് ഹാന്‍ഡില്‍ പങ്കുവച്ച മറ്റൊരു വിഡിയോ പ്രകാരം വീല്‍ചെയറിലിരുന്ന് കൊണ്ട് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയിലും തിങ്കളാഴ്ച ബിഹാറിലെ സിവാനിവും ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലും അദ്ദേഹം റാലികളില്‍ പങ്കെടുത്തിരുന്നു.

Tejashwi Yadav Suffering Back Pain But Firing On Election Campaigns; Video