'പ്രചാരണം അട്ടിമറിക്കാന്‍ ശ്രമം'; തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടിസിന് മറുപടിയുമായി ഖര്‍ഗെ

തനിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായ ബിജെപിയുടെ പരാതി കോൺഗ്രസിന്റെ  പ്രചാരണം അട്ടിമറിക്കാനെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. പരാതിക്ക് പിന്നിൽ തെറ്റായ അനുമാനവും പ്രേരണയുമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടിസിന് നൽകിയ മറുപടിയിൽ ഖർഗെ വിശദീകരിച്ചു.  തന്‍റെയും രാഹുലിന്‍റെയും പ്രസ്താവനകൾ ന്യായീകരിക്കാവുന്നതും ബിജെപി നേതാക്കൾ പറഞ്ഞതിനെ അടിസ്ഥാനമാക്കിയുമുള്ളതാണ്. അത് ന്യായമായ രാഷ്ട്രീയ അഭിപ്രായമാണെന്നും എന്നാല്‍ ബിജെപി അവയെ വികലമായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ഖര്‍ഗെ പറയുന്നു.  ബി.ജെ.പി നേതാക്കൾ വിഭജന, വർഗീയ പ്രസംഗങ്ങൾ നടത്തിയ പരാതികളിൽ  കമ്മീഷൻ നിയമ ലംഘനം കാണാറില്ലെന്നും അദ്ദേഹം വിമർശിച്ചു. ബിജെപി ഭരണഘടന മാറ്റുമെന്ന് ഖാർഗെയും രാഹുലും പറഞ്ഞുവെന്നും രാജ്യത്ത് വിഭജനമുണ്ടാക്കുന്ന പരാമർശങ്ങൾ നടത്തി എന്നുമായിരുന്നു ബിജെപിയുടെ പരാതി.  മോദിയുടെ പരാമർശതിനെതിരായ കോൺഗ്രസിന്‍റെ പരാതിയിൽ ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയ്ക്കും കമ്മിഷൻ നോട്ടിസ് അയച്ചിരുന്നു.