പുതിയ ഇലക്ഷന്‍ തന്ത്രവുമായി ബിജെപി; ഡല്‍ഹി മലയാളികളുടെ വോട്ടുതേടാന്‍ സുരേഷ് ഗോപി

ഡല്‍ഹി മലയാളികളുടെ വോട്ടുതേടാന്‍ സുരേഷ് ഗോപിയെ ഇറക്കാന്‍ ബി.ജെ.പി. പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലെ ഡല്‍ഹി മലയാളികളെ പങ്കെടുപ്പിച്ചുള്ള യോഗങ്ങളില്‍ സുരേഷ് ഗോപി  സംസാരിക്കും.  ഡല്‍ഹിയില്‍ ഈമാസം 25നാണ് വോട്ടെടുപ്പ്. 

പൊലീസ് ഉദ്യോഗസ്ഥനായും പട്ടാളക്കാരനായും ഒക്കെ ഡല്‍ഹിക്കഥകള്‍ സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ള സുരേഷ് ഗോപി ഇത്തവണ തിരഞ്ഞെടുപ്പ് യുദ്ധത്തിനാണ് തലസ്ഥാനത്ത് എത്തുന്നത്. മലയാളികള്‍ കൂടുതലുള്ള കിഴക്കന്‍ ഡല്‍ഹിയില്‍ ഉള്‍പ്പടെ രാജ്യതലസ്ഥാനത്തെ ഏഴുമണ്ഡലങ്ങളിലും സുരേഷ്ഗോപിയുടെ താരമൂല്യം പ്രയോജനപ്പെടുത്താനാണ് ബി.ജെ.പി ഉദ്ദേശിക്കുന്നത്.  തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് കണ്ടതാണ്.  

അതുകൊണ്ടാണ് അദ്ദേഹത്തെ പ്രചാരണത്തിനിറക്കുന്നത്.സുരേഷ് ഗോപിക്ക് പുറമെ മിസോറം മുന്‍ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, തീപ്പൊരിപ്രഭാഷക ശോഭാസുരേന്ദ്രന്‍ എന്നിവര്‍ക്കൊപ്പം ബി.ഡി.ജെ.എസ് നേതാവ്  തുഷാര്‍ വെള്ളാപ്പള്ളിയെയും ഡല്‍ഹി പ്രചാരണത്തിന് വിളിപ്പിച്ചിട്ടുണ്ട്.

ഡല്‍ഹിയിലെ എസ്.എന്‍.ഡി.പി യോഗം ശാഖകളുടെ പിന്തുണ ഉറപ്പിക്കുകയാണ് തുഷാറിന്റെ സാന്നിധ്യത്തിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്. ശനിയും ഞായറും വരുന്ന 18 ,19 തീയതികളിലാണ് യോഗങ്ങള്‍. ഇപ്പോള്‍ ഡല്‍ഹിയിലുള്ള രാജീവ് ചന്ദ്രശേഖറും യോഗങ്ങളില്‍  പങ്കെടുത്തേയ്ക്കും. 

Suresh Gopi Election Campaign For BJP In Delhi

Enter AMP Embedded Script