വന്യമൃഗങ്ങളുടെ സുരക്ഷ; പ്രഖ്യാപനത്തിലൊതുങ്ങി കേരളം; മാതൃകാപദ്ധതികളുമായി തമിഴ്നാട്

elephant
SHARE

വനമേഖലയിലൂടെ കടന്നുപോവുന്ന റെയില്‍പാതയില്‍ വന്യമൃഗങ്ങള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ തമിഴ്നാട് നടപ്പാക്കിയത് വിവിധ മാതൃകാപദ്ധതികള്‍. ട്രെയിന്‍ തട്ടി കാട്ടാനയ്ക്ക് ജീവഹാനിയുണ്ടാവുമ്പോള്‍ നടത്തുന്ന പ്രഖ്യാപനമല്ലാതെ കേരളത്തില്‍ ഇപ്പോഴും മുന്‍കരുതലെന്നത് കടലാസിലാണ്. വന്യമൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വനംവകുപ്പിനും റെയില്‍വേയ്ക്കും ആത്മാര്‍ഥതയില്ലെന്നാണ് വിമര്‍ശനം.

കോയമ്പത്തൂര്‍ വാളയാര്‍ റെയില്‍പാത. വനത്തിലൂടെ കടന്നുപോവുന്ന എ, ബി ട്രാക്കുകള്‍ക്ക് സമീപം വന്യമൃഗങ്ങള്‍ സ്വതന്ത്രമായി നീങ്ങുന്നയിടം. ഈ പാതയില്‍ത്തന്നെയാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇരുപതിലേറെ കാട്ടാനകള്‍ക്ക് ജീവഹാനിയുണ്ടായത്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം എട്ടിമടയിലും വാളയാര്‍ പിന്നിട്ട് കോയമ്പത്തൂരിലേക്ക് ട്രാക്ക് തുടങ്ങുന്നിടത്തും അടിപ്പാതയും നിരീക്ഷണ ക്യാമറയും മുന്നറിയിപ്പ് സംവിധാനങ്ങളും സ്ഥാപിച്ച് തമിഴ്നാട് മാതൃകയായി.

അടിപ്പാത പോയിട്ട് വനാതിര്‍ത്തിയില്‍ പൂര്‍ണമായും സോളര്‍ വേലി പോലുമിടാന്‍  മനസില്ലാത്ത കേരള വനംവകുപ്പും റെയില്‍വേ സംവിധാനങ്ങളും ഓരോ അത്യാഹിതത്തിനും ഉത്തരവാദികളെന്നാണ് വിമര്‍ശനം.

റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തത് കൊണ്ട് മാത്രം പ്രശ്ന പരിഹാരമാവുന്നില്ല. ശാശ്വതമായ പരിഹാരം കാണണം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട് മാതൃകാപദ്ധതികളാണ് നടപ്പാക്കുന്നതെന്ന് വന്യജീവി ഗവേഷകന്‍ എസ്.ഗുരുവായൂരപ്പന്‍ പറയുന്നു.  

ആനക്കൂട്ടം ഇനിയും ട്രാക്ക് മറികടന്ന് കൃഷിയിടത്തിലേക്കും ജനവാസേമഖലയിലേക്കും എത്തും. ഇത് പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയുന്നതല്ലെന്ന് വിദഗ്ധര്‍. അടിപ്പാതയും സുരക്ഷാ മതിലും സ്ഥാപിച്ചാല്‍ ജീവഹാനി ഒഴിവാക്കാം. രേഖകളില്‍ പറയുന്ന വേഗത ട്രാക്കില്‍ തുടരാന്‍ മനസ് കാണിക്കാത്ത ചില ലോക്കോ പൈലറ്റുമാരുടെ അലംഭാവവും യഥാവിധി തുടരുകയാണ്.

Tamilnadu Projects To Prevent Human Animal Conflict

MORE IN KERALA
SHOW MORE