'കോൺഗ്രസ്സ് കാലത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമുകൾ': മോദിക്ക് പരോക്ഷ മറുപടിയുമായി ഷാഫി പറമ്പിൽ

കോൺഗ്രസ്സ് ഭരണകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം നേടിയ നേട്ടങ്ങളെക്കുറിച്ച് ഫെയ്സ്ബുക്ക് പോസ്റ്റുമായി കോൺ​ഗ്രസ് നേതാവ് ഷാഫി പറമ്പിൽ.  കായികമേഖലയിൽ മതാടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന മോദിയുടെ പരാമർശത്തിനുള്ള മറുപടിയെന്നോണമാണ് ഷാഫി പോസ്റ്റിട്ടിരിക്കുന്നത്. ആരൊക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തുടരണം, തുടരണ്ട എന്നത് തീരുമാനിക്കുന്നത് ഈ മാനദണ്ഡം അനുസരിച്ചായിരിക്കുമെന്നും മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വെച്ച് മോദി പറഞ്ഞിരുന്നു.

രാജ്യത്തിൽ കോൺ​ഗ്രസ് അധികാരത്തിലിരുന്ന 1983ൽ ഇന്ത്യ ലോകകപ്പ് നേടി. അതുപോലെ 2007ൽ ടി20 ലോകകപ്പും 2011ൽ ലോകകപ്പും 2013ൽ ഐസിസി ചാമ്പ്യൻസ് ട്രോഫിയും കരസ്ഥമാക്കിയെന്ന് ഷാഫി ഫെയ്സ്ബുക്കിൽ കുറിച്ചു. ഇന്ത്യൻ ടീമിന്റെ ഈ നേട്ടങ്ങളുടെയെല്ലാം ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ചുമ്മാ ഓർമ്മിപ്പിച്ചെന്ന് മാത്രം എന്ന കമന്റോടെ മോദിയുടെ വിദ്വേഷ പ്രസം​ഗത്തിന്റെ വാർത്തയും അദ്ദേഹം പിൻ ചെയ്തിട്ടുണ്ട്. 

ഒരിടവേളയ്ക്കുശേഷം വീണ്ടും കോണ്‍ഗ്രസിനെതിരെ പാക് തീവ്രവാദം ആയുധമാക്കുകയാണ് മോദി. യു.പി.എ ഭരണകാലത്ത് ഭീകരാക്രമണങ്ങളുണ്ടായപ്പോള്‍  ഭീരുവായ സര്‍ക്കാര്‍ ആഗോള വേദികളില്‍പോയി കരഞ്ഞു.  എന്നാലിന്ന് സര്‍ജിക്കല്‍ സ്ട്രൈക്കില്‍ ഞെട്ടിയ പാക്കിസ്ഥാന്‍ നിലവിളിക്കുകയാണെന്നും മോദി പറഞ്ഞിരുന്നു. 

മുഖ്യമന്ത്രി, പ്രധാനമന്ത്രി പദവികളില്‍ 25 വര്‍ഷമായിട്ടും താന്‍ അഴിമതി ആരോപണങ്ങള്‍ നേരിട്ടിട്ടില്ല. തനിക്ക് സ്വന്തമായി വീടോ സൈക്കിളോ പോലുമില്ല, എന്നാല്‍ അഴിമതിക്കാരായ ജെഎംഎം, കോൺഗ്രസ് നേതാക്കൾ മക്കൾക്കായി വൻ സ്വത്ത് സമ്പാദിച്ചുവെന്നും ജാർഖണ്ഡ് പലാമുവിലെ റാലിയില്‍ മോദി ആരോപിച്ചു. കോൺഗ്രസ് ദരിദ്രരെയും ആദിവാസികളെയും അവഗണിച്ചെന്നും  മാവോയിസ്റ്റുകൾക്കെതിരെ നടപടിയെടുത്തില്ലെന്നും മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ജാര്‍ഖണ്ഡിലെ റാലികളില്‍ മോദി ആവര്‍ത്തിച്ചു.  

വ്യാജ മതേതരത്വത്തിൻ്റെ പേരിൽ ഇന്ത്യയുടെ സ്വത്വം ഇല്ലാതാക്കാനുള്ള ഒരു ശ്രമവും വിജയിക്കാൻ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മുസ്ലീം സംവരണം, സ്വത്ത് ദാനം, വോട്ട് ജിഹാദ് തുടങ്ങിയ ആരോപണങ്ങള്‍ കോണ്‍ഗ്രസിനെതിരെ മോദി ഉന്നയിച്ചിരുന്നു. 

Shafi Parambil facebook post about indian cricket

Enter AMP Embedded Script