കശ്മീരിൽ സ്ഥലം വാങ്ങും; വിശ്രമജീവിതം ആസ്വദിക്കും; പ്രഖ്യാപനവുമായി ഗോവ മന്ത്രി

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന വ്യവസ്ഥകൾ റദ്ദാക്കിയതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന ചർച്ചകൾക്ക് അടിവരയിട്ട് ഗോവ മന്ത്രി. കശ്മീരിൽ സ്ഥലം വാങ്ങുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഗോവയിലെ തുറമുഖ വകുപ്പ് മന്ത്രി മൈക്കിൾ ലോബോയാണ് രാഷ്ട്രീയത്തിൽ നിന്നു വിരമിക്കുമ്പോൾ തനിക്കു താമസിക്കാൻ കശ്മീരിൽ സ്ഥലം വാങ്ങിയിടുമെന്നു പ്രഖ്യാപിച്ചത്. നിയമസഭയിലെ എല്ലാ സാമാജിക സുഹൃത്തുക്കളെയും അവിടേക്കു ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ച് നിയമസഭയിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

അതേസമയം ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുമാറ്റാനുള്ള പ്രമേയവും പുനസംഘടനയ്ക്കുള്ള ബില്ലും ലോക്സഭ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് പാസാക്കി. രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ ജമ്മുകശ്മീര്‍ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാകും. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും പാക് അധീന കശ്മീര്‍ ഇന്ത്യയുടേതാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രത്യേക പദവി നിലനിര്‍ത്തുമെന്നും അമിത് ഷാ വ്യക്തമാക്കി. 

ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി അങ്ങനെ ചരിത്രമായി. 72നെതിരെ 351 വോട്ടിനാണ് പ്രമേയം ലോക്സഭയില്‍ പാസായത്. പുനസംഘടന ബില്ലിനെ 370 പേര്‍ പിന്തുണച്ചു. 70 പേര്‍ എതിര്‍ത്തു. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി ഇല്ലാതായതിനാല്‍ സാമ്പത്തിക സംവരണത്തിനുള്ള ബില്‍ പിന്‍വലിച്ചു. കേന്ദ്ര സര്‍ക്കാര്‍ നീക്കം ഭരണഘടന വിരുദ്ധവും കശ്മീരിലെ ജനതയുടെ ഹിതത്തിന് എതിരാണെന്നും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുസ്‍ലിം ലീഗും വാദിച്ചു. 

ബില്ലിനെ എതിര്‍ത്ത തൃണമൂല്‍ കോണ്‍ഗ്രസും ബിജെപി സഖ്യകക്ഷിയായ ജെഡിയുവും വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു. ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും നിയമനിര്‍മാണത്തിന് പാര്‍ലമെന്‍റിന് അധികാരമുണ്ടെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. പാക് അധീന കശ്മീരും അക്സായ്ചിന്നും ഇന്ത്യയുടേതാണെന്നും ജീവന്‍ നല്‍കാന്‍ തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു.