‘ആയുര്‍വേദ ഭക്ഷണം നൽകിയാൽ കോഴികൾ ആയുർവേദ മുട്ടയിടും’; ശിവസേന എംപിക്ക് ട്രോൾ

കോഴിയിറച്ചിയും കോഴിമുട്ടയും വെജിറ്റേറിയൻ‌ ഭക്ഷണമായി പ്രഖ്യാപിക്കണമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. ആയുർവേദ ഭക്ഷണം മാത്രം നൽകിയാൽ കോഴികൾ ആയുർവേദ മുട്ടകൾ ഇടുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യസഭയിലാണ് സഞ്ജയ് ഇക്കാര്യങ്ങൾ പറഞ്ഞത്. 

രാജ്യസഭയിൽ ആയുർവേദത്തെക്കുറിച്ചുള്ള ചർച്ചക്കിടെയാണ് സഞ്ജയ് റാവത്തിന്റെ വിചിത്രവാദം. 'ഒരിക്കൽ ഞാൻ നന്ദുർബാർ പ്രദേശത്ത് പോയപ്പോള്‍ അവിടുത്തെ ആദിവാസികൾ തനിക്ക് ആയുർവേദ ചിക്കൻ നല്‍കി. എല്ലാ അസുഖങ്ങളും ഭേദമാക്കാൻ കഴിയുംവിധമാണ് അവർ ആയുര്‍വേദ കോഴിയെ വളർത്തുന്നത്'- സഞ്ജയ് പറഞ്ഞു. 

ഇതിന് പിന്നാലെയാണ്    കോഴിയിറച്ചിയും മുട്ടയും വെജിറ്റേറിയൻ ആയി പ്രഖ്യാപിക്കണമെന്ന്  ആയുഷ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. മഞ്ഞളും പാലും ചേർത്തുള്ള പാനീയത്തിന്‍റെ ആരോഗ്യഗുണം തിരിച്ചറിഞ്ഞ പാശ്ചാത്യലോകം അത് ശീലമാക്കുമ്പോൾ ഇന്ത്യക്കാർ അത് അവഗണിക്കുകയാണെന്നും സഞ്ജയ് പറഞ്ഞു. 

സഞ്ജയുടെ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകൾക്കിടയാക്കിയിട്ടുണ്ട്. എംപിയെ പരിഹസിച്ച് നിരവധി പേർ രംഗത്തെത്തി.