മഹാരാഷ്ട്ര ഉന്നതവിദ്യാഭ്യാസ മന്ത്രിയും വിമത ക്യാംപില്‍; നടപടിക്ക് ശിവസേന

ഉദ്ദവ് താക്കറെ, ഏക്നാഥ് ഷിൻഡെ

ശിവസേനയുടെ വിമത ക്യാംപിലേക്ക് ഒരു എംഎൽഎ കൂടി. ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ഉദയ് സാമന്താണ് ഗുവാഹത്തിയിലെത്തിയത്. അയോഗ്യത നോട്ടീസ് ലഭിച്ച  വിമതർക്കെതിരെ നിയമനടപടി വേഗത്തിലാക്കുമെന്ന് ശിവസേന വ്യക്തമാക്കി. 15 വിമത എംഎൽഎമാർക്ക് കേന്ദ്ര സർക്കാർ വൈ പ്ലസ് ക്യാറ്റഗറി സുരക്ഷ അനുവദിച്ചു. 

ഭൂരിഭാഗവും മറുപക്ഷത്ത്. കൊഴിഞ്ഞ് പോക്ക് തുടരുമ്പോഴും ശിവസേന വെച്ച് പുലർത്തുന്ന പ്രതീക്ഷയുടെ അടിസ്ഥാനം ഇവയാണ്. ഒന്ന്-പ്രവർത്തകരുടെ സമ്മർദവും പ്രതിഷേധവും വിമതരിൽ ഭൂരിഭാഗത്തിന്റെയും തീരുമാനം മാറ്റും. രണ്ട്-കുടുംബാംഗങ്ങളുടെ സമ്മർദവും അവർ നേരിടുന്ന ഭീഷണിയും അനുകൂലമാകും. മൂന്ന്-കേന്ദ്ര ഏജൻസികളുടെ സമ്മർദ ഫലമായി പ്രകടമായി കുട്മാറേണ്ടി വന്നവർ സഭയിൽ നിലപാട് മാറ്റും. ചുരുക്കത്തിൽ വിമതർ മുംബൈയിൽ തിരിച്ചെത്തിയാൽ ഭൂരിഭാഗവും ഒപ്പം നിൽക്കുമെന്ന് സേന കരുതുന്നു. 20 വിമത എംഎൽഎമാരുമായി മുതിർന്ന സേനാനേതാക്കൾ ആശയവിനിമയം നടത്തുന്നുണ്ട്. വിമതരിൽ പലരുടെയും ഭാര്യമാരുമായി മുഖ്യമന്ത്രിയുടെ ഭാര്യ രശ്മി താക്കറെ ഫോണിൽ സംസാരിച്ചെന്നാണ് വിവരം. വിപ്പ് ലംഘിച്ച 16 വിമത എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നടപടികൾ വേഗത്തിലാക്കിയ സേന വ്യക്തമാക്കുന്നു.

 അതേസമയം ശരദ് പവാർ ഉൾപ്പെടെയുള്ള സഖ്യകക്ഷി നേതാക്കൾ ഉദ്യോഗസ്ഥർക്ക് പൂർണപിന്തുണ ആവർത്തിക്കുകയാണ്. ഇതിനിടെ ഗുവാഹത്തിയിൽനിന്ന് ഗുജറാത്തിൽ പറന്നിറങ്ങിയ  ഏകനാഥ് ഷിൻഡെ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്.