'അജിത് പവാറിനെ വിശ്വസിച്ചത് ഏറ്റവും വലിയ രാഷ്ട്രീയ മണ്ടത്തരം': ദേവേന്ദ്ര ഫഡ്നാവിസ്

എൻസിപി നേതാവ് അജിത് പവാറിനെ വിശ്വസിച്ചത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണെന്നും മഹാരാഷ്ട്രയിലെ പ്രതിസന്ധിക്ക് ഉത്തരവാദി ഉദ്ധവ് താക്കറെ ആണെന്നും അഭിപ്രായപ്പെട്ട് ബിജെപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്. 

2019ലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ശിവസേനയുമായി ബിജെപി തെറ്റിയതോടെ അജിത് പവാർ ഉപമുഖ്യമന്ത്രിയും ഫഡ്നാവിസ് മുഖ്യമന്ത്രിയുമായി പുലർച്ചെ രാജ്ഭവനിലെത്തി സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ, എൻസിപിയിൽ ഭൂരിപക്ഷത്തിന്റെയും പിന്തുണ ലഭിക്കാതെ വന്നതോടെ രാജിവയ്ക്കേണ്ടിവന്നു. അജിത് പവാറിനെ വിശ്വസിച്ചതു മൂലമാണ് അന്ന് തിരിച്ചടിയേൽക്കേണ്ടി വന്നത് എന്നാണ് ഫഡ്നാവിസ്  ടിവി അഭിമുഖത്തിൽ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. 

സംസ്ഥാനത്ത് അടുത്തിടെയുണ്ടായ രാഷ്ട്രീയ സംഘർഷത്തിന് ഉദ്ധവ് താക്കറെയെ മാത്രമേ കുറ്റപ്പെടുത്തേണ്ടതുള്ളൂവെന്നും അദ്ദേഹത്തിന്റെ പ്രവർത്തന ശൈലിയാണ് ശിവസേനയെ പിളർപ്പിലേക്ക് നയിച്ചതെന്നും ഫഡ്നാവിസ് അവകാശപ്പെട്ടു. തന്റെ ശ്രദ്ധ മഹാരാഷ്ട്രയിലാണെന്നും ഡൽഹിയല്ല ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.