നടുറോഡില്‍ ലൈംഗികാതിക്രമം; യുവതിയെ ഓട്ടോയില്‍ വലിച്ചിഴച്ചു; ഡ്രൈവര്‍ അറസ്റ്റില്‍

രാവിലെ കോളജിലേക്ക് പോയ ഇരുപത്തൊന്നുകാരിയെ നടുറോഡില്‍ വച്ച് കടന്നുപിടിക്കുകയും ഓടുന്ന ഓട്ടോയില്‍ വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെയില്‍ ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് അതിക്രമം. പ്രതിയെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി.

റോഡരികിലൂടെ നടന്നുപോയ പെണ്‍കുട്ടിയോട് ഫുട്പാത്തില്‍ നിന്ന അക്രമി ആദ്യം അശ്ലീല പദപ്രയോഗം നടത്തുകയും ചോദ്യംചെയ്തപ്പോള്‍ കടന്നുപിടിക്കുകയുമായിരുന്നു. തുടര്‍ന്ന് ഓട്ടോയില്‍ കയറിയ ഇയാള്‍ വാഹനം ഓടിച്ച് രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടി അക്രമിയുടെ കയ്യില്‍ പിടി‌ച്ചിറക്കാന്‍ ശ്രമിച്ചു. ഇരുപതുമീറ്ററോളം ഇത്തരത്തില്‍ പെണ്‍കു‌ട്ടിയെ ഓട്ടോയില്‍ വലിച്ചിഴച്ചു. ഓട്ടോയു‌ടെ വേഗത കൂടിയപ്പോള്‍ പിടിവിച്ച് വിദ്യാര്‍ഥിനി റോഡിലേക്ക് തെറിച്ചുവീണു.

പരുക്കേറ്റ് മിനിറ്റുകളോളം റോഡില്‍ കിടന്ന പെണ്‍കുട്ടിയെ പരിസരവാസികളാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പട്ടാപ്പകല്‍ താനെ നഗരമധ്യത്തില്‍ നടന്ന അതിക്രമം ഞെട്ടലുണ്ടാക്കിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്ന് അധികം വൈകാതെ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. വിഡിയോ കാണാം.