വീണ്ടും ജീവനെടുത്ത് ഷവര്‍മ; 19കാരന് ദാരുണാന്ത്യം

shawarma-poison
SHARE

ചിക്കന്‍ ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മുംബൈയില്‍ 19കാരന്‍ മരിച്ചു. പ്രഥമേഷ് ഭോക്‌സെ എന്ന യുവാവാണ് ദേഹസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചത്. സംഭവത്തില്‍ രണ്ട് കച്ചവടക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. മെയ് മൂന്നിനാണ് പ്രഥമേഷ് അമ്മാവന്‍ ഹമീദ് അബ്ബാസ് സെയ്ദുമായി ഹനുമാൻ ചാലിക്ക് സമീപമുളള വഴിയോര ഭക്ഷണശാലയില്‍ നിന്നും ഷവര്‍മ കഴിച്ചത്. പിന്നാലെ കടുത്ത ദേഹാസ്വാസ്ഥ്യം അനുവഭപ്പെട്ടു. കടുത്ത വയറുവേദനയും ചര്‍ദിയും അനുഭവപ്പെട്ടതോടെ പ്രഥമേഷ് അടുത്തുള്ള മുനിസിപ്പൽ ആശുപത്രിയെ സമീപിച്ചു.

ചികില്‍സയ്ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയെങ്കിലും പ്രഥമേഷിന് വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. നില വഷളായതിനെ തുടര്‍ന്ന് പ്രഥമേഷിനെ കുടുംബാംഗങ്ങള്‍ കെഇഎം ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഡോക്ടര്‍മാര്‍ ചികില്‍സ നല്‍കി യുവാവിനെ മടക്കി അയച്ചുവെങ്കിലും തിങ്കളാഴ്ച രാവിലെ വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒടുവില്‍ ചൊവ്വാഴ്ചയോടെ പ്രഥമേഷ് മരണത്തിന് കീഴടങ്ങിയെന്ന് പൊലീസ് പറയുന്നു. 

പ്രഥമേഷിന്‍റെ അമ്മാവനും ആശുപത്രി അധികൃതരും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പഴകിയ ചിക്കനാണ് ഷവര്‍മ ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നതെന്നും അതു കഴിച്ചത് മൂലമുണ്ടായ ദേഹാസ്വാസ്ഥ്യമാണ്  മരണകാരണമെന്നും പൊലീസ് കണ്ടെത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. നേരത്തെ ഏപ്രില്‍ 12ന് ഗോരേഗാവിൽ വഴിയോര കച്ചവടക്കാരിൽ നിന്ന് ചിക്കൻ ഷവർമ വാങ്ങി കഴിച്ച 12 പേരെ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

19 year-old dies after eating 'chicken shawarma'

MORE IN INDIA
SHOW MORE