പത്ര ചൗൾ ഭൂമി കുംഭകോണം: സഞ്ജയ് റാവുത്ത് ഇ.ഡി കസ്റ്റഡിയില്‍

ശിവസേന നേതാവ് സഞ്ജയ് റാവുത്തിനെ ഇ.ഡി കസ്റ്റഡിയിലെടുത്തു. രാവിലെ തുടങ്ങിയ ചോദ്യം ചെയ്യലിനുശേഷമാണ് നടപടി. പത്ര ചൗൾ ഭൂമി കുംഭകോണ കേസിലാണ് ചോദ്യം ചെയ്തത്. മുംബൈയിലെ വസതിയിൽ എത്തിയായിരുന്നു പരിശോധനയും ചോദ്യംചെയ്യലും. ബന്ദൂക്കിലെ വസതിയിലടക്കം വിവിധയിടങ്ങളിൽ പരിശോധന നടത്തി. അർധസൈനിക വിഭാഗത്തിന്റെ സുരക്ഷയോടെയായിരുന്നു ഇ.ഡി. നടപടി. സഞ്ജയ് റാവുത്തിന് പിന്തുണയുമായി ശിവസേന പ്രവർത്തകർ വീടിന് മുൻപിൽ തടിച്ചുകൂടിയിരുന്നു.  നേരത്തെ സഞ്ജയ്‌ റാവുത്തിന്റെ കുടുംബത്തിന്റെ 11 കോടിയോളം രൂപയുടെ ആസ്തി ഇ.ഡി. കണ്ടുകെട്ടിയിരുന്നു. ഗോരഗോവിലെ പത്ര ചൗള്‍ ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ആയിരത്തിലേറെ കോടിരൂപയുടെ ഇടപാട് നടന്നതായാണ് ആരോപണം. തെറ്റായ നടപടിയെന്നും കെട്ടിച്ചമച്ച തെളിവുകളെന്നും സഞ്ജയ് റാവുത്ത്‌ പറഞ്ഞു. ശിവസേന വിടില്ലെന്നും മരിച്ചാലും കീഴടങ്ങില്ലെന്നും ട്വീറ്റ്  ചെയ്തു. വിഡിയോ റിപ്പോർട്ട് കാണാം.