'ഇവിടെ ഇങ്ങനാണ് ഭായ്'; എസി ക്യാബിനിന്‍റെ വഴിമുടക്കി ജനറല്‍ യാത്രക്കാര്‍; റെയില്‍വേക്ക് വിമര്‍ശനം

indian-railway
SHARE

അവധിക്കാലമായതോടെ ട്രെയിനുകളില്‍ തിരക്കേറുകയാണ്. ജനറല്‍ കോച്ചുകളുടെ എണ്ണക്കുറവും അധിക സര്‍വീസുകളുടെ അപര്യാപ്തതയും തിരക്കിന് കാരണമാണ്. റിസര്‍വ്‍ഡ് കോച്ചുകളിലെ ജനറല്‍ യാത്രക്കാരുടെ കടന്നുകയറ്റമാണ് ഈ കാലത്ത് യാത്രക്കാര്‍ നേരിടുന്ന പ്രശ്നം. സ്ലീപ്പര്‍ കോച്ചുകളും എസി ത്രീടെയര്‍, ടു ടെയര്‍ കോച്ചുകള്‍ കടന്ന് ജനറല്‍ യാത്രക്കാര്‍ എസി കൂപ്പേകളിലേക്ക് എത്തിയെന്നാണ് യാത്രക്കാരനായ കുശാല്‍ മെഹ്റ ചൂണ്ടിക്കാട്ടുന്നത്. മുംബൈ ബാന്ദ്ര ടെര്‍മിനസില്‍ നിന്നും ഡല്‍ഹി സരിയ റോഹില ട്രെയിനിലെ ഫസ്റ്റ് എസി ക്യാബിനിന് മുന്നിലെത്തിയ യാത്രക്കാരുടെ ചിത്രം സഹിതം കുശാല്‍ എക്സില്‍ പോസ്റ്റ് ചെയത കുറിപ്പ് വൈറലാണ്. 

രാവിലെ ഉറക്കം ഉണര്‍ന്ന് ക്യാബിനില്‍ നിന്ന് പുറത്തേക്ക് കടക്കാന്‍ ഒരുങ്ങുമ്പോള്‍ വാതിലിന് മുന്നിലായി സ്ത്രീകളായി യാത്രക്കാര്‍ ഇരിക്കുന്നു എന്നാണ് കുശാല്‍ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം ട്രെയിനിലെ അറ്റന്‍റന്‍റിനോട് സൂചിപ്പിച്ചെങ്കിലും 'ഇവിടെ ഇങ്ങനെയൊക്കെയാണ്' എന്നായിരുന്നു മറുപടിയെന്നും കുറിപ്പില്‍ പറയുന്നു. പിഎന്‍ആര്‍ നമ്പറും കോച്ച് നമ്പറും സഹിതം റെയില്‍വേ മന്ത്രാലയത്തെ ടാഗ് ചെയ്താണ് പോസ്റ്റ്. 

എക്സിലിട്ട കുറിപ്പിന് പിന്നാലെ യാത്രക്കാരെ ഒഴിപ്പിച്ച് റെയില്‍വേ നടപടിയെടുത്തു. മണിക്കൂറുകള്‍ക്കകം വൈറലായ പോസ്റ്റ് ഇതിനോടകം 10 ലക്ഷം പേരാണ് കണ്ടത്. റെയില്‍വേയ്ക്കെതിരെ നിരവധി വിമര്‍ശനങ്ങളും പോസ്റ്റിലുണ്ട്. ഫസ്റ്റ് എസി കോച്ചിന്‍റെ അവസ്ഥ ഇതാണെങ്കില്‍ തേ‍ഡ് എസി, സ്ലീപ്പര്‍ കോച്ചുകളെ പറ്റി ചിന്തിക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു കുറിപ്പിന് താഴെ വന്ന കമന്‍റ്. അശ്വിനി വൈഷ്ണവിന് കീഴില്‍ ഇന്ത്യന്‍ റെയില്‍വേയുടെ അവസ്ഥ പരിതാപകരമാണെന്നും യാത്ര ചെയ്ത തേജസ് രാജധാനിയിലടക്കം അവസ്ഥ പരിതാപകരമായിരുന്നു എന്നും അവിനാശ് കെ ജാ എന്ന അക്കൗണ്ട് കമന്റ് ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ വന്ദേഭാരതിന് മാത്രമാണ് പ്രധാന്യം നല്‍കുന്നതെന്നും ഇതാണ് സാധാരണ യാത്രക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് കാരണമെന്നും മറ്റൊരു കമന്റുണ്ട്. 

സമീപകാലങ്ങളിലായി റിസര്‍വ്ഡ് കോച്ചുകളിലേക്ക് ജനറല്‍ യാത്രക്കാര്‍ ഇടിച്ചുകയറുന്നത് സ്ഥിരമായിട്ടുണ്ട്.  ടിക്കറ്റില്ലാത്ത യാത്രക്കാര്‍ എസി കോച്ചില്‍ കയറിയതും അകത്ത് നിന്ന് പൂട്ടിയതുമായ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. മുംബൈയില്‍ നിന്നും ഉത്തര്‍പ്രദേശിലെ ഖോരഖ്പൂരിലേക്കുള്ള കാശി എക്സ്പ്രസിന്‍റെ സെക്കന്‍ഡ് എസി കോച്ചില്‍ നിന്നുള്ള വിഡിയോയും ചര്‍ച്ചയായിരുന്നു. യാത്രക്കാര്‍ ഇടിച്ചുകയറിയതിനാല്‍ വാഷ്റൂമിലേക്ക് പോകാന്‍ സാധിക്കുന്നില്ലെന്നും വാതില്‍ തുറന്നിരിക്കുന്നതിനാല്‍ എസി ഉപയോഗിക്കാനാകുന്നില്ലെന്നുമായിരുന്നു പോസ്റ്റ്.

MORE IN INDIA
SHOW MORE