അച്ഛനിൽ നിന്ന് നേരിട്ടത് കടുത്ത വിവേചനം; വീട് വിട്ടതിന് പിന്നിൽ‍; വെളിപ്പെടുത്തി സാക്ഷി

ദലിത് യുവാവിനെ വിവാഹം ചെയ്തതിനാൽ പിതാവ് ഭീഷണിപ്പെടുത്തിയെന്ന പരാതി‌ക്ക് പിന്നാലെയാണ് ഉത്തർപ്രദേശ് ബിജെപി എംഎൽഎയുടെ മകൾ സാക്ഷി മിശ്ര വാർത്തകളിൽ നിറയുന്നത്. എംഎൽഎയും പിതാവുമായ രാജേഷ് മിശ്രയോട്, തങ്ങളെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കണം എന്നഭ്യർഥിച്ച് സാക്ഷിയും ഭർത്താവും സോഷ്യൽ മീഡിയയിൽ ലൈവായി എത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. 

ജൂലൈ നാലിനാണ് സാക്ഷി അജിതേഷ് കുമാറിനൊപ്പം പോയത്. ഒരാഴ്ചക്ക് ശേഷം തങ്ങൾ വിവാഹിതരായെന്നും കുമാർ ദലിതനായതിനാൽ അച്ഛനും സഹോദരനും ഭീഷണിപ്പെടുത്തുകയാണെന്നും ആരോപിച്ച് ദമ്പതികൾ സോഷ്യൽ മീഡിയയിലെത്തി. വിഡിയോയിൽ തങ്ങൾക്ക് സുരക്ഷയൊരുക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെടുന്നുണ്ട് സാക്ഷി. ദമ്പതികളെ കണ്ടെത്താനായില്ലെന്നാണ് പൊലീസ് വാദം. 

അതേസമയം ഒരു ടെലിവിഷൻ ചാനലിന് അഭിമുഖം നല്‍കിയിരിക്കുകയാണ് ദമ്പതികൾ ഇപ്പോൾ. പരിപാടിയിൽ രാജേഷ് എംഎൽഎയെയും അണിയറപ്രവർത്തകർ പങ്കെടുപ്പിച്ചു. എന്നാൽ ആരോപണങ്ങൾ രാജേഷ് നിഷേധിച്ചു. കുടുംബത്തിൽ നിന്ന് നേരിട്ട വിവേചനങ്ങളെക്കുറിച്ച് സാക്ഷി വെളിപ്പെടുത്തി. 

''എനിക്ക് പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. പുറത്ത് ജോലിക്ക് പോകാൻ അനുവദിച്ചിരുന്നില്ല. അച്ഛന്റെ ഓഫീസിൽ എന്തെങ്കിലും ജോലി ചെയ്തോട്ടെ എന്ന് ചോദിച്ചു. സഹോദരനെപ്പോലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ചെവികൊടുക്കാൻ എനിക്ക് താത്പര്യമുണ്ടായിരുന്നു. എന്നാൽ എന്റെ ആവശ്യത്തെ അച്ഛൻ ഗൗരവമായി എടുത്തില്ല. വീടിന് പുറത്തിറങ്ങാൻ പോലും എനിക്ക് അനുവാദമില്ലായിരുന്നു. എന്റെ സഹോദരൻ വീട്ടിലും പുറത്തും എല്ലാ സ്വാതന്ത്ര്യവും അനുഭവിക്കുന്നത് ഞാൻ കണ്ടു. 

''എന്ത് പഠിക്കണം എന്നുപോലും തീരുമാനിച്ചത് എന്റെ മാതാപിതാക്കളാണ്. മൊബൈൽ ഫോൺ പോലും അനുവദനീയമല്ലായിരുന്ന ഒരു കോളജിൽ മാസ് കമ്മ്യൂണിക്കേഷനാണ് എന്നെ ചേർത്തത്. ഒരു പെൺകുട്ടിയുടെ ചെയ്തികൾ മാത്രമെ നിങ്ങൾക്ക് അപമാനകരമായി തോന്നുന്നുള്ളുവെങ്കിൽ ആ ചിന്തകൾക്ക് എന്തോ തകരാറുണ്ട്, പിതാവിനോടായി സാക്ഷി പറഞ്ഞു. 

കഴിഞ്ഞ ദിവസം രാജേഷിനെ ഒരു സംഘം ആളുകൾ പരസ്യമായി മർദിച്ചിരുന്നു. തുടർന്ന് ദമ്പതികൾക്ക് പൊലീസ് സുരക്ഷയേർപ്പെടുത്തി.