ദേശീയ ഗാനം പാടുന്നത് നിർത്തിച്ചു; പകരം വന്ദേ മാതരം; വെട്ടിലായി ബിജെപി; വിവാദം

ദേശീയ ഗാനം പാടുന്നതിനിടെ അത് നിര്‍ത്തി വന്ദേ മാതരം പാടി വെട്ടിലായി ബിജെപി നേതാക്കൾ. മധ്യപ്രദേശിലെ ഇൻഡോർ മുൻസിപ്പൽ കോർപ്പറേഷന്റെ സമ്മേളനത്തിനിടെയാണ് സംഭവം. നേതാക്കൾ പറ്റിയ അബദ്ധത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 

കോർപ്പറേഷന്റെ ബജറ്റ് സമ്മേളനവുമായി ബന്ധപ്പെട്ടാണ് അംഗങ്ങൾ യോഗം ചേർന്നത്. ബിജെപി എംഎൽഎയും മേയറുമായ മാലിനി ഗോഡ് ആണ് ചടങ്ങിന് അധ്യക്ഷത വഹിച്ചത്. ദേശീയഗാനം ആലപിക്കുന്നതിനിടെ ചില നേതാക്കൾ ഇടപെട്ട് നിർത്തിച്ചു. പിന്നാലെ ഒരുഭാഗത്ത് നിന്ന് വന്ദേമാതരം ഉയർന്നു. ദേശീയഗാനത്തിന് പകരം വന്ദേമാതരം ആണ് ചടങ്ങില്‍ പാടിത്തീർത്തത്. 

ദേശീയഗാനത്തെ അപമാനിച്ചതിന് അംഗങ്ങൾക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഒരംഗത്തിന് പറ്റിയ നാവുപിഴ എന്നായിരുന്നു കോർപ്പറേഷൻ ചെയർമാൻ അജയ് സിങ് വിശദീകരിച്ചത്. 

ദേശീയഗാനം പാടുന്നത് തടസ്സപ്പെടുത്തുന്നതോ നിർത്തുന്നതോ മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.