ദേശീയഗാനം മോശമായി ആലപിച്ചു; യുവതിക്ക് ജയിൽശിക്ഷ; ഒടുവിൽ ക്ഷമാപണം

ദേശീയഗാനം മോശമായി ആലപിച്ചതിന്റെ പേരിൽ ചൈനയിൽ യുവതിക്ക് ജയിൽശിക്ഷ. ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ചാണ് ഇരുപത്തിയൊന്നുകാരിയായ യാങ് കെയിലിയ്ക്ക് അഞ്ചുദിവസത്തെ തടവുശിക്ഷ വിധിച്ചത്. 

ചൈനയിൽ വളരെയധികം ആരാധകരുള്ള ഓൺലൈൻ സെലിബ്രിറ്റികളിൽ ഒരാളാണ് കെയിലി. തന്റെ ലൈവ് യൂട്യൂബ് ഷോയിൽ കാർട്ടൂൺ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന രീതിയിൽ ദേശീയഗാനത്തിന്റെ ആദ്യവരി ചൊല്ലിയതിനാണ് കെയിലിക്കെതിരെ കേസെടുത്തത്. 

ദേശീയഗാനം ആലപിക്കുന്ന സമയത്തെ കെയിലിയുടെ വസ്ത്രധാരണവും അംഗചലനങ്ങളും ദേശീയഗാനത്തെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നുവെന്നാണ് അധികൃതരുടെ വാദം. താൻ ചെയ്ത തെറ്റെന്താണെന്ന് അറിയില്ലെന്ന് ആദ്യം നിലപാടെടുത്ത കെയിലി പിന്നീട് ക്ഷമാപണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. 

ഷീ ചിൻപിങ് പ്രസിഡന്റായതിനുശേഷമാണ് ദേശീയഗാനത്തെ അനാദരിക്കുന്നവർക്കുള്ള ശിക്ഷ കർശനമാക്കി നിയമം പരിഷ്കരിച്ചത്.