ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേൽക്കരുതെന്ന് വികെ ശ്രീരാമൻ

 ദേശീയഗാനം ആലപിക്കുമ്പോള്‍ ചമ്രംപടിഞ്ഞ് ഇരിക്കുകയാണ് വേണ്ടതെന്ന് എഴുത്തുകാരനും, നടനുമായ വി.കെ.ശ്രീരാമന്‍. എഴുന്നേറ്റ് നില്‍ക്കുന്നത് അശരണന്റെ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ കാവ്യോത്സവം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു ശ്രീരാമന്റെ പരാമര്‍ശം.

പരിപാടിയുടെ സ്വാഗതഗാനം ആലപിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ എഴുന്നേറ്റ് നിന്നതിനെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ല എന്ന നിലപാട് വി.കെ. ശ്രീരാമന്‍ വ്യക്തമാക്കിയത്. പ്രാര്‍ഥനകള്‍ക്ക് നില്‍ക്കേണ്ട ആവശ്യമില്ലെന്ന മുഖവുരയോടെയായിരുന്നു തുടക്കം. ദേശീയഗാനം ആലപിക്കുമ്പോള്‍ ഇരിക്കാനുള്ള സ്വാതന്ത്യം നേടിയെടുക്കാന്‍ പരിശ്രമിക്കണമെന്നും വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്തു.

സ്വസ്ഥമായി കണ്ണടച്ചിരുന്നാണ് രാജ്യത്തിനുവേണ്ടി പ്രാര്‍ഥിക്കേണ്ടത്. അറ്റന്‍ഷനായി എഴുന്നേറ്റ് നില്‍ക്കുന്നത് ഭയപ്പാടിന്റെ ലക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ അവസ്ഥയറിയാന്‍ വിദ്യാര്‍ഥികള്‍ തെരുവുകളിലേയ്ക്ക് ഇറങ്ങാന്‍ തയ്യാറകണമെന്നും വി.കെ.ശ്രീരാമന്‍ പറഞ്ഞു.കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെയാണ് കാവ്യോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.