മണ്ണിടിച്ചില്‍ ഭീഷണിയുള്ള മേഖലയില്‍ ക്വാറി പ്രവര്‍ത്തനം; പ്രതിഷേധവുമായി നാട്ടുകാര്‍

quarry-kerala
SHARE

വയനാട് മേപ്പാടി വാളത്തൂരിലെ കരിങ്കല്‍ ക്വാറി പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. മണ്ണിടിച്ചില്‍ ഭീഷണിയുള്ള മേഖലയിലാണ് ഖനനത്തിന് ഒരുങ്ങുന്നതെന്ന് കാട്ടി ക്വാറി പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയിരിക്കുകയാണ് ജനകീയ ആക്ഷന്‍ കൗണ്‍സില്‍.

മണ്ണിടിച്ചില്‍ ഭീഷണിയുള്ള മേഖലയുടെ ബഫര്‍ സോണില്‍ പ്രവര്‍ത്തനത്തിനൊരുങ്ങിയ ക്വാറിയ്ക്കെതിരെ കഴിഞ്ഞ അഞ്ച് വര്‍ഷമായി വാളത്തൂര്‍ നിവാസികള്‍ പ്രതിഷേധത്തിലാണ്. ലൈസന്‍സ് കാലാവധി കഴിയാന്‍ ഒരു മാസം ബാക്കിനില്‍ക്കെ ഖനനം ആരംഭിക്കാനുള്ള നീക്കമാണ് ജനങ്ങള്‍ വീണ്ടും തടഞ്ഞത്. കുത്തനെയുള്ള പാറക്കെട്ടില്‍ ഖനനം നടത്തിയാല്‍ മണ്ണിടിച്ചില്‍ ഭീഷണിയും കുടിവെള്ള പ്രതിസന്ധിയും രൂക്ഷമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.

ക്വാറിയില്‍ നിന്ന് സമീപത്തെ വീട്ടിലേക്ക് 45 മീറ്റര്‍ മാത്രമെ ദൂരമുള്ളു. 100 മീറ്റര്‍ ചുറ്റളവില്‍ പത്തോളം വീടുകളാണ് മേഖലയില്‍ ഉള്ളത്. തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പൊലും നിയന്ത്രണമുള്ള മേഖലയില്‍ ക്വാറിക്ക് എങ്ങനെ അനുമതി ലഭിച്ചുവെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്

ബഫര്‍ സോണിലാണ് ഖനനത്തിനായി ഭൂമി തിരഞ്ഞെടുത്തതെന്ന് കാട്ടി ദുരന്ത നിവാരണ അതോറിറ്റി ഇടപെട്ട് ക്വാറിയുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചാണ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ഉടമകള്‍ ശ്രമം നടത്തിയത്. ഇതാണ് നിലവില്‍ നാട്ടുകാര്‍ തടഞ്ഞിരിക്കുന്നത്. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കിയിരിക്കുകയാണ് ജനകീയ കൂട്ടായ്മ.

MORE IN NORTH
SHOW MORE