അമ്മയ്ക്കായി മകന്റെ 'ജനഗണമന'; ലോകം കീഴടക്കിയ വിഡിയോ പിറന്ന വിധം

മാതൃരാജ്യത്തിനോടുള്ള സ്നേഹം പലരേയും പല അൽഭുതങ്ങളും ചെയ്യാൻ പ്രേരിപ്പിക്കാറുണ്ട്. അത്തരത്തിൽ അമ്മയോടും മാതൃരാജ്യത്തോടുമുള്ള സ്നേഹം അൽഭുതമായി മാറിയ കഥയാണ് ഷായൻ ഇറ്റാലിയ എന്ന സംഗീതജ്ഞന്റേത്. 2018 ജൂലൈ 29-നാണ് ഷായൻ താൻ  പിയാനോയിൽ വായിച്ച ജനഗണമനയുടെ വിഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തത്. ഒമ്പതാം ദിവസം എത്തിനിൽക്കുമ്പോൾ 41,913,800-ൽപരം പേരാണ് വിഡിയോ കണ്ടിരിക്കുന്നത്. ഇത് ചരിത്രമാണ്. ലോകത്ത് ഏറ്റവുമധികം ആളുകൾ കണ്ട ദേശീയ ഗാന വിഡിയോ എന്ന റെക്കോഡാണ് സ്വന്തമാക്കിയിരിക്കുന്നത്. കാൻസർരോഗത്തിന് കീഴടങ്ങി തന്റെ  കുട്ടിക്കാലത്ത് മരിച്ചുപോയ അമ്മയ്ക്കും മാതൃരാജ്യത്തിനുമാണ് ഷായൻ ഈ വിഡിയോ സമർപ്പിച്ചിരിക്കുന്നത്. #IWouldStandForThis എന്ന പേരിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 36 മില്യൺ പേർ കണ്ട ഫ്രഞ്ച് ദേശീയഗാനത്തിന്റെ റെക്കോഡാണ് ഇതോടെ പിന്നിലായത്.

1998ൽ ഷായന്റെ അമ്മ മകന് സമ്മാനമായി നൽകിയതാണ് പിയാനോ. എന്നാൽ കാൻസർ രോഗത്തിന്റെ അവസാനഘട്ടത്തിൽ എത്തയിരുന്ന ആ അമ്മയ്ക്ക് മകൻ പിയാനോ വായിച്ച് കേൾക്കാൻ ഭാഗ്യമുണ്ടായില്ല. 2018ല്‍ ഷായന്‍ വേള്‍ഡ്സ് ഗ്രാന്‍ഡസ്റ്റ് പിയാനോ എന്നറിയപ്പെടുന്ന സ്റ്റൈന്‍വേ ആന്‍ഡ്‌ സണ്‍സ് കോണ്‍സേര്‍ട്ട് പിയാനോയില്‍  ഇന്ത്യയുടെ ദേശീയ ഗാനം റെക്കോര്‍ഡ്‌ ചെയ്യുന്നതുമായി ബന്ധപ്പെട്ടു ആന്റണി ഗോമസ് എന്നയാളെ സമീപിച്ചു. അപ്പോള്‍ ഷായന് അറിയില്ലായിരുന്നു,സ്റ്റൈന്‍വേ ആന്‍ഡ്‌ സണ്‍സ് പിയാനോ ഇരുപതു വര്‍ഷം മുന്‍പ് തന്റെ അമ്മയ്ക്ക് വിറ്റത് ഇതേ ആന്റണി ഗോമസ് തന്നെയായിരുന്നു എന്ന് .

തന്റെ കുടുംബത്തിനോടും അമ്മയോടും രാജ്യത്തിനോടുമുള്ള സ്നേഹമാണ് സംഗീതമായി ഷായൻ പ്രകടിപ്പിച്ചത്. ഇപ്പോൾ ഇന്ത്യക്കാർ മാത്രമല്ല ലോകം മുഴുവൻ ഷായന് അഭിനന്ദന പ്രവാഹം അറിയിക്കുകയാണ്.എന്നാൽ യൂട്യൂബിൽ കമന്റ് ഇടാൻ പറ്റില്ല. അത് ലോക്ക് ചെയ്ത് വച്ചിരിക്കുകയാണ് ഷായൻ.  'ഇത് ചെറുപ്പകാലത്ത് തന്നെ എനിക്ക് നഷ്ടപ്പെട്ടു പോയ എന്റെ അമ്മയ്ക്കും പിന്നെ എന്റെ മാതൃരാജ്യത്തിനുമുള്ള ഹൃദയംഗമമായ സമര്‍പ്പണമാണ്. ഈ സ്ഥലം തര്‍ക്കരഹിതവും പാവനവുമായി സൂക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' എന്നാണ് ഷായൻ ഇതിന് നൽകിയിരിക്കുന്ന വിശദീകരണം.