മാര്‍ അത്തനേഷ്യസ് യോഹാന്റെ അന്ത്യവിശ്രമം അദ്ദേഹം സംരക്ഷിച്ച വൃക്ഷങ്ങള്‍ക്കിടയില്‍

kp-yohannan
SHARE

മണ്ണിനേയും മരങ്ങളേയും ജീവിതത്തോട് ചേര്‍ത്തുവെച്ച അന്തരിച്ച ബിലീവേഴ്സ് ചര്‍ച്ച് ഈസ്റ്റേണ്‍ സഭാധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയ്ക്ക് അന്ത്യവിശ്രമത്തിനിടം ഒരുങ്ങുന്നത് അദ്ദേഹം സംരക്ഷിച്ച അതേ വൃക്ഷങ്ങളുടെ തണലില്‍ തന്നെ. തിരുവല്ല കുറ്റപ്പുഴയിലെ സഭാ സിനഡ് ആസ്ഥാനത്ത് നൂറേക്കര്‍ വരുന്ന ഭൂമിയില്‍ അത്യപൂര്‍വ വൃക്ഷങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് സസ്യങ്ങളാണ് അദ്ദേഹം നട്ടു വളര്‍ത്തിയിരുന്നത്. ഏതാനും ദിവസം മുമ്പും ക്യാംപസിലൂടെ എല്ലാം നടന്ന് ആസ്വദിച്ചശേഷമായിരുന്നു അമേരിക്കയിലേക്കുള്ള മടക്കം.

ആയിരത്തിലധികം വൃക്ഷങ്ങള്‍, വേനലിലും വറ്റാത്ത തടാകം, പഴമ ചൂടിയ നാലുകെട്ട്, നല്ല തണുത്ത കാറ്റ്. തിരുവല്ല നഗരത്തിന്‍റെ തിരക്കും ചൂടും അല്‍പം പോലുമറിയാത്ത ആത്മീയത നിറഞ്ഞ ഇടമാണ് സഭാ സിനഡ് ആസ്ഥാനം. ഇവിടത്തെ ഓരോ മുക്കിലും മൂലയിലും സഭാധ്യക്ഷന്‍റെ കരുതലുണ്ട്, ദീര്‍ഘ വീക്ഷണമുണ്ട്. സിനഡ് സെക്രട്ടറിയേറ്റും സെമിനാരിയും സ്കൂളുമെല്ലാം പ്രകൃതിയോടിണങ്ങിയ നിര്‍മിതികള്‍. പൗരാണിക വാസ്തു ശൈലിയിലുള്ള നിര്‍മാണരീതികളാകണമെന്ന അദ്ദേഹത്തിന്‍റെ ആഗ്രഹം എല്ലാ കെട്ടിടങ്ങളിലും കാണാം. 

ഒരു ക്യാംപസിനാകെ വര്‍ഷം മുഴുവന്‍ തെളിനീര് പകരുന്ന ജലസംഭരണി അദ്ദേഹത്തിന്‍റെ ആശയമായിരുന്നു. ക്യാംപസില്‍ ഒരു മരക്കൊമ്പ് പോലും അനുവാദമില്ലാതെ മുറിക്കരുതെന്നത് അദ്ദേഹത്തിന്‍റെ നിര്‍ബന്ധമായിരുന്നു. ആ അപ്പര്‍ കുട്ടനാട്ടുകാരന്‍റെ കാര്‍ഷിക മനസ് ജലചക്രവും കലപ്പയും ട്രാക്ടറും പുരാവസ്തുക്കളായി സംരക്ഷിച്ചു.

ദേശാടനപക്ഷികള്‍ ഇവിടെ വിരുന്നുകാരാണ്. മെത്രാപ്പൊലീത്ത അവരുടെ കൂട്ടുകാരനും. ഈ വനത്തിലൂടെ നടന്നായിരുന്നു അദ്ദേഹം അരമനയിലെ ഓരോ ദിവസവും തുടങ്ങിയിരുന്നത് പോലും. അതിനി എത്ര തിരക്കുണ്ടെങ്കിലും അങ്ങനെ തന്നെ. ബിലീവേഴ്സ് സഭയുമായി ബന്ധപ്പെട്ട എല്ലാ ക്യാംപസുകളും ഹരിതാഭ പുതച്ച ഇടങ്ങളാണ്. ആത്മീയത പ്രകൃതിയോടിണങ്ങിയതാണെന്നായിരുന്നു അദ്ദേഹത്തിന്‍റ പക്ഷം. 

ചെന്നൈയിലെ ഭദ്രാസനങ്ങളില്‍ വിളയുന്ന മധുരമൂറും മാമ്പഴം പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ ഇനി അദ്ദേഹമില്ല, ഏതു രാജ്യത്ത് പോയാലും നാടന്‍ തേങ്ങ വറുത്തുപൊടിച്ചുണ്ടാക്കുന്ന ചമ്മന്തിപ്പൊടിയുടെ മാഹാത്മ്യം പറയാന്‍ ആ വാക്കുകളില്ല, അശരണര്‍ക്ക് അഭയമായ ആ തണല്‍ മായുകയാണ്, ആത്മീയതയെ പ്രകൃതിയോട് ചേര്‍ത്തുവച്ച പ്രകൃതി സ്നേഹിയെ പ്രകൃതി തന്നിലേക്കെടുക്കുന്നു. 

ഏറെ പ്രിയപ്പെട്ട ഈ വഴികളിലൂടെ നടക്കാന്‍ അദ്ദേഹം ഇനി ഒരിക്കലും മടങ്ങിവരില്ല. പക്ഷേ അന്ത്യവിശ്രമം ഒരുക്കി ഈ മണ്ണ് അദ്ദേഹത്തെ ചേര്‍ത്തുതന്നെ പിടിക്കും, അദ്ദേഹം ചേര്‍ത്ത് പിടിച്ചതുപോലെ.

MORE IN SPOTLIGHT
SHOW MORE