ഐക്യപ്രതിമയ്ക്ക് ചുറ്റും ഇനി മുതലകളില്ല; മാറ്റിപ്പാര്‍പ്പിക്കല്‍ സീപ്ലെയിന് പറന്നിറങ്ങാൻ: രോഷം

സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചതോടെ സർദാർ വല്ലഭായ് പട്ടേലിന്റെ ഐക്യപ്രതിമയ്ക്ക് സമീപത്ത് നിന്ന് മുന്നൂറോളം മുതലകളെ മാറ്റിപ്പാർപ്പിക്കും. വിനോദ സഞ്ചാരികൾക്ക് സീപ്ലെയിൻ സർവീസുകൾ തുടങ്ങാനും പദ്ധതിയുണ്ട്. ഇതിനോടനുബന്ധിച്ചാണ് മുതലകളെ കൂട്ടമായി സ്ഥലം മാറ്റിയത്. മൂന്ന് മീറ്റർ വരെ വലുപ്പമുള്ള മുതലകളെ കൂടുകളിലാക്കി പിക്അപ് ട്രക്കുകളിൽ കയറ്റിയാണു സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു കൊണ്ടുപോയത്. ഇൗ നീക്കം ഐക്യപ്രതിമ കാണാനെത്തുന്ന വിനോദ സഞ്ചാരികളുടെ സുരക്ഷ കൂടി കണക്കിലെടുത്താണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥ അനുരാധ സാഹു വ്യക്തമാക്കി. 

എന്നാൽ മുതലകളെ കൂട്ടമായി സ്ഥലം മാറ്റുന്നതിനെതിരെ പ്രതിഷേധവുമായി ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്. 

ഇത്തരത്തിൽ മുതലകളെ മാറ്റുന്നത് ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷമേ പാടുള്ളൂ എന്നാണ് സംസ്ഥാന വൈൽഡ്‍ലൈഫ് ബോര്‍ഡ് അംഗം പ്രിയാവ്രത് ഗദ്വിയുടെ അഭിപ്രായം. ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിൽനിന്ന് 200 കിലോമീറ്റർ അകലെ, നർമദാ ജില്ലയിലാണ് സർദാർ പ്രതിമ നിർമിച്ചിരിക്കുന്നത്. നൂറ് കിലോമീറ്റര്‍ അപ്പുറത്തുള്ള വഡോദരയാണ് ഏറ്റവും അടുത്തുള്ള നഗരം. ട്രെയിനുകളില്ലാത്തതിനാൽ വഡോദരയിൽനിന്ന് ബസ് മാർഗമാണു വിനോദ സഞ്ചാരികൾ പ്രതിമ കാണാനെത്തുന്നത്. 

ഇതോടെയാണ്  സീപ്ലെയിൻ സർവീസുകൾ തുടങ്ങുന്നതിനെ കുറിച്ച് സർക്കാർ ആലോചന തുടങ്ങിയത്. ഉദ്ഘാടനശേഷം സഞ്ചാരികളുടെ ഒഴുക്കാണ്  ഐക്യപ്രതിമ കാണാൻ.