പ്രധാനമന്ത്രി മോര്‍ബിയില്‍; തൂക്കുപാലം അപകടസ്ഥലം സന്ദർശിച്ചു

ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം അപകടമുണ്ടായ സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മച്ചുനദിക്ക് മുകളിലൂടെ വ്യോമനിരീക്ഷണം നടത്തി. മോർബി സിവിൽ ആശുപത്രിയിലെത്തി ചികിൽസയിൽ കഴിയുന്നവരെയും സന്ദർശിച്ചു. അതിനിടെ, മോദിയുടെ സന്ദർശനത്തിന്റെ പേരിൽ ആശുപത്രി മോടിപിടിപ്പിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷപാർട്ടികൾ രംഗത്തെത്തി. അപകടം നടന്ന് മൂന്നാംദിനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തസ്ഥലത്ത് എത്തിയത്. വ്യോമനിരീക്ഷണത്തിന് പിന്നാലെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നവരുമായി സംസാരിച്ചു. തുടർന്ന്, മോർബി സിവിൽ ആശുപത്രിയിലെത്തി പരുക്കേറ്റവരെയും കണ്ടു. ഗുജറാത്ത്‌ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, അഭ്യന്തരമന്ത്രി ഹർഷ് സാങ്‌ വി എന്നിവരും ഒപ്പമുണ്ടായിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി ആശുപത്രി മോടിപിടിപ്പിക്കുന്നതായി ആരോപിച്ച് പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തുവന്നു. ഒരുവശത്ത് മരണത്തിന്‍റെ നിലവിളി ഉയരുമ്പോള്‍, മറുവശത്ത് പ്രധാനമന്ത്രിക്ക് ഫോട്ടോഷൂട്ടിനുള്ള സൗകര്യമൊരുക്കുകയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. 

മനുഷ്യനിർമിത ദുരന്തമെന്ന് വിലയിരുത്തപ്പെടുന്ന തൂക്കുപാലം അപകടത്തിൽ ഇതുവരെ 135 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 47 പേര്‍ കുട്ടികളാണ്. പാലത്തിന്റെ അറ്റകുറ്റപ്പണിയുടെയും നടത്തിപ്പിന്റെയും ചുമതലവഹിച്ച ഒറിവ ഗ്രൂപ്പ് ആസ്ഥാനം ഇന്ന് രാവിലെ മുതൽ അടച്ചിട്ട നിലയിലാണ്. ഇവരുടെ ജീവനക്കാർ ഉൾപ്പെടെ ഒൻപതുപേരാണ് അറസ്റ്റിലായത്. അപകടത്തിൽ ജുഡീസിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഈ മാസം 14ന് സുപ്രീംകോടതി പരിഗണിക്കും. 

 PM Modi visit Morbi bridge collapse site