23 കോടിയുടെ കറന്റ് ബില്ല്; സംസ്ഥാനത്തിന്റെ മൊത്തം ബില്ലോയെന്ന് ചോദ്യം

കോടികളുടെ കറന്റ് ബില്ലുകണ്ട് അമ്പരന്ന് ഉത്തർപ്രദേശുകാരൻ ബാസിത്ത്. എല്ലാമാസവും പോലെതന്നെയായിരുന്നു കഴിഞ്ഞമാസവും കടന്നു പോയത്. എന്നാൽ കറന്റുബില്ലിലെ തുയായിരുന്നു വില്ലൻ. 23 കോടി രൂപയുടെ ബില്ലാണ് വൈദ്യുതവകുപ്പ് ബാസിത്തിന് അയച്ചിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 23,67,71,524 രൂപയുടെ ബില്ല്.

ആകെ 178 യൂണിറ്റ് വൈദ്യുതിയാണ് ബാസിത്ത് കഴിഞ്ഞ മാസം ഉപയോഗിച്ചിരിക്കുന്നത്. ഇതിനാണ് കോടികളുടെ ബില്ല് വന്നിരിക്കുന്നത്. ഇതില്‍ എന്തെങ്കിലും പിശക് വന്നതാകാനേ സാധ്യതയുള്ളൂവെന്നും ഇയാള്‍ പറയുന്നു. ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെയും കറന്റ് ബില്ല് എനിക്ക് വന്നതുപോലെയുണ്ട്. ഞാന്‍ ജോലി ചെയ്ത് മാന്യമായി ജീവിക്കുന്നയാളാണ്. എന്നുവച്ച് ഇത്രയും പണമടയ്ക്കാന്‍ എന്നെക്കൊണ്ടാവില്ല'- ബാസിത്ത് പറഞ്ഞു. 

വീട്ടാവശ്യത്തിന് മാത്രമുള്ള വൈദ്യുതിക്കാണ് ഇത്രയും വലിയ തുക വന്നിരിക്കുന്നത്. അതേസമയം എന്തെങ്കിലും തരത്തിലുള്ള സാങ്കേതിക പ്രശ്‌നങ്ങളായിരിക്കുമെന്ന് പറഞ്ഞ് ഒഴിയാനുള്ള ശ്രമത്തിലാണ് വൈദ്യുത വകുപ്പ്. ഇക്കാര്യം പരിശോധിക്കുമെന്നും പുതിയ റീഡിംഗ് എടുത്ത ശേഷം മാത്രം ബാസിത്ത് ബില്ലടച്ചാല്‍ മതിയെന്നുമാണ് വൈദ്യുതി വകുപ്പിന്റെ നിലപാട്.