കൈക്കൂലിപ്പണം സബ് എൻജിനീയർ വിഴുങ്ങി; കെഎസ്ഇബി ജീവനക്കാരനെതിരെ വിജിലൻസ്

കണ്ണൂർ പൂതപാറ കെഎസ്ഇബി ഓഫീസിലെ സബ് എഞ്ചിനീയർ കൈകൂലി വാങ്ങിയ നോട്ട് വിഴുങ്ങിയതായി വിജിലൻസ്. പൂതപ്പാറ സ്വദേശി അബ്ദുൾ ഷുക്കൂർ കൈക്കൂലി നൽകിയ 1000 രൂപയാണ് ജോ ജോസഫ് വിഴുങ്ങിയത്. തന്നെ കുടുക്കിയതാന്നെന്നും സത്യം തെളിയിക്കുമെന്നും ജോ ജോസഫും പറഞ്ഞു.

പോസ്റ്റ് മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട് ഷുക്കൂറിൽ നിന്ന് ആയിരം രൂപ ജോ ജോസഫ് കൈക്കൂലി ആവശ്യപ്പെട്ടന്നാണ് വിജിലൻസിന് ലഭിച്ച പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് പറഞ്ഞത് അനുസരിച്ച്  ഉച്ചയ്ക്ക് പണവുമായി ഷുക്കൂർ ജോയുടെ അടുത്ത് എത്തി. പണം കൈമാറുന്നതിനിടെ വിജിലൻസിനെ കണ്ട്  ഓടിയ ജോ നോട്ട് വിഴുങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. എന്നാൽ ഇത് ജോ നിഷേധിച്ചു.

അതെ സമയം ഫിനോഫ്തലിൻ പരിശോധനയിൽ ജോ കൈകൂലി വാങ്ങിയതായി തെളിഞ്ഞതായി വിജിലൻസ് അറിയിച്ചു. വൈദ്യ പരിശോധനയിൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ എൻഡോസ്കോപി ചെയ്യാൻ പ്രതി വിസമ്മതിച്ചിരുന്നു. എറണാകുളം ആലങ്ങാട് സ്വദേശിയാണ്  ജോ ജോസഫ്.