വൈദ്യുതി ബോര്‍ഡില്‍ തസ്തികകള്‍ വെട്ടിക്കുറച്ചു; 3050 തസ്തികകള്‍ക്ക് അംഗീകാരമില്ല

വൈദ്യുതി ബോര്‍ഡില്‍ വന്‍തോതില്‍ തസ്തികകള്‍ വെട്ടിക്കുറച്ച് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍. ഇപ്പോള്‍ നിയനം നല്‍കിയതും ഭാവിയില്‍ ഒഴിവുവരാവുന്നവയുമായ മൂവായിരത്തിലേറെ തസ്തികകള്‍ക്കാണ് വൈദ്യുതി  കമ്മിഷന്‍ അംഗീകാരം നിഷേധിച്ചത്. ആറുമാസത്തിനകം മനുഷ്യവിഭവ ശേഷിയെക്കുറിച്ച് വിലയിരുത്തണമെന്നും റഗുലേറ്ററി കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.

ഭാവിയില്‍ വന്‍തോതില്‍ തസ്തികകള്‍ ഇല്ലാതാക്കുന്നതാണ് വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ ഉത്തരവ്. 2027 വരെ 33,371 തസ്തികള്‍ക്ക് അംഗീകാരം നല്‍കണമെന്നായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം. എന്നാല്‍ വിവിധ വ്യക്തികള്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് പൊതുതെളിവെടുപ്പില്‍ വാദം കേട്ട ശേഷം റഗുലേറ്ററി കമ്മിഷന്‍ അനുവദിച്ചത് 30,321. ബോര്‍ഡ് ആവശ്യപ്പെട്ട 3050 തസ്തികകള്‍ അംഗീകരിച്ചില്ല. ഇതില്‍ നിയമനം ലഭിച്ചതും ഭാവിയില്‍ ഒഴിവുവരുന്നതുമായ തസ്തികള്‍ ഉള്‍ക്കൊള്ളുന്നു. ഭാവിയില്‍ വരാവുന്ന തസ്തികകള്‍ മുന്‍കൂട്ടി സൃഷ്ടിക്കരുത്. ബോര്‍ഡിലെ മാനവവിഭശേഷിയെക്കുറിച്ച് കോഴിക്കോട് ഐ.ഐ.എം മുമ്പ് പഠനം നടത്തിയിരുന്നു. 

ഇത് അഞ്ചുവര്‍ഷം മുമ്പ് സമര്‍പ്പിച്ചതായതിനാല്‍ ആറുമാസത്തിനകം ബോര്‍ഡിലെ മനുഷ്യവിഭശേഷിയെക്കുറിച്ച് പഠനം നടത്തണമെന്നും കമ്മിഷന്‍ നിദ്ദേശിച്ചിട്ടുണ്ട്.  ഒരുവര്‍ഷം വരെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ റദ്ദാക്കണം. അതേസമയം 2010 വരെയുള്ള 1610 പേരുടെയും 2012 ല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജോലി കിട്ടിയ 1248 പേരുടെയും  2013 ല്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ തീരുമാനപ്രകാരം ജോലി കിട്ടിയ 288 പേരുടെയും നിയമനം കമ്മിഷന്‍ അംഗീകരിച്ചു.