2976 വിഡിയോകള്‍; ജെഡിഎസ് നേതാവ് പ്രജ്വല്‍ രേവണ്ണ അകപ്പെട്ട ലൈംഗികാരോപണക്കുരുക്ക്

പ്രജ്വല്‍ രേവണ്ണ എവിടെ?
  • കര്‍ണാടകയില്‍ സെക്സ് ടേപ്പ് വിവാദം
  • ജെഡിഎസ് എംപി ജര്‍മനിയില്‍
  • വിവാദക്കുരുക്കില്‍ ഗൗഡ കുടുംബം
prajwal-revanna-speech
ജനതാദള്‍ സെക്കുലര്‍ എംപി പ്രജ്വല്‍ രേവണ്ണ പാര്‍ട്ടി യോഗത്തില്‍ പ്രസംഗിക്കുന്നു
SHARE

മുന്‍പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയുടെ ചെറുമകനും എംപിയുമായ പ്രജ്വല്‍ രേവണ്ണയെ ജനതാദള്‍ സെക്കുലര്‍ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പ്രജ്വല്‍ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്ന വിഡിയോകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. കേസ് അന്വേഷിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതോടെ പ്രജ്വല്‍ ജര്‍മനിയിലേക്ക് കടന്നിരുന്നു. നേരത്തെയും സമാനമായ വിഡിയോകള്‍ പുറത്തുവന്നിരുന്നെങ്കിലും പൊലീസ് നടപടിയെടുത്തിരുന്നില്ല. എന്നാല്‍ ലൈംഗികാതിക്രമത്തിനിരയായ വീട്ടുജോലിക്കാരി പരാതി നല്‍കിയതോടെയാണ് ഇക്കുറി കേസെടുത്തത്. ലൈംഗികാതിക്രം, ഭീഷണിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പ്രജ്വലിന്റെ പിതാവ് എച്ച്.ഡി.രേവണ്ണയ്ക്കെതിരെയും പരാതിക്കാരി സമാനമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

prajwal-revanna-deve-gowda
പ്രജ്വല്‍ രേവണ്ണ മുത്തച്ഛന്‍ എച്ച്.ഡി.ദേവഗൗഡയ്ക്കൊപ്പം

ആരാണ് പ്രജ്വല്‍ രേവണ്ണ?

കര്‍ണാടകയിലെ ഹസനില്‍ നിന്നുള്ള ജെഡിഎസ് എംപിയാണ് പ്രജ്വല്‍ രേവണ്ണ. ഈ ലോക്സഭാതിരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലത്തിലെ ബിജെപി–ജെഡിഎസ് സഖ്യസ്ഥാനാര്‍ഥി. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയുടെ മൂത്തമകനും മുന്‍ മന്ത്രിയുമായ എച്ച്.ഡി.രേവണ്ണയുടെ രണ്ടുമക്കളില്‍ മൂത്തയാള്‍. മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ സഹോദരപുത്രന്‍. 2014ല്‍ ബാംഗ്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ ശേഷമാണ് പ്രജ്വല്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. 2019 മേയില്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2019 നവംബറില്‍ ജനതാദള്‍ സെക്കുലര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി നിയമിതനായി. മുപ്പത്തിമൂന്നുകാരനായ പ്രജ്വല്‍ അവിവാഹിതനാണ്.

prajwal-revanna-pm
പ്രജ്വല്‍ രേവണ്ണ (വലത്തേയറ്റം) മുത്തച്ഛന്‍ എച്ച്.ഡി.ദേവഗൗഡ, പിതാവ് എച്ച്.ഡി.രേവണ്ണ, പിതൃസഹോദരന്‍ എച്ച്.ജി.കുമാരസ്വാമി എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍

എന്താണ് സെക്സ് ടേപ് കേസ്?

ഹസനിലെ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതിന് പിന്നാലെ പ്രജ്വല്‍ രേവണ്ണ ഒട്ടേറെ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്നതിന്റെയും പല സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെയും നൂറുകണക്കിന് വിഡിയോകള്‍ വ്യാപകമായി പ്രചരിച്ചു. മിക്ക വിഡിയോകളും പ്രജ്വല്‍ തന്നെ സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തി പിന്നീട് ലാപ്ടോപ്പിലേക്ക് മാറ്റി സൂക്ഷിച്ചിരുന്നതാണ്. പ്രജ്വലിന്റെ വീട്ടിലും ഓഫിസിലുമാണ് എല്ലാ വിഡിയോകളും റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. കര്‍ണാടക പൊലീസ് പിടിച്ചെടുത്ത ഒരു പെന്‍ഡ്രൈവില്‍ മാത്രം 2976 വിഡിയോകള്‍ ഉണ്ടായിരുന്നു. ബെംഗളൂരുവിലെയും ഹസനിലെയും വീടുകളിലെ സ്റ്റോര്‍ റൂമുകളിലാണ് കൂടുതല്‍ വിഡിയോകളും റെക്കോര്‍ഡ് ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. പെന്‍ഡ്രൈവുകള്‍ പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

prajwal-revanna-campaign
ജെഡിഎസ് സ്ഥാനാര്‍ഥി പ്രജ്വല്‍ രേവണ്ണ കര്‍ണാടകയിലെ ഹസനില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍

പരാതിയില്‍ പറയുന്നത്

ഹോലെസരസിപ്പുര്‍ എംഎല്‍എ എച്ച്.ഡി.രേവണ്ണയുടെ ഹസനിലെ വീട്ടില്‍ ജോലി ചെയ്തിരുന്ന സ്ത്രീയാണ് പരാതിക്കാരി. 2019നും 2022നുമിടയില്‍ പ്രജ്വലും എച്ച്.ഡി.രേവണ്ണയും നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് അവര്‍ ആരോപിക്കുന്നു. 2019ലാണ് ഇവിടെ ജോലിക്കെത്തിയത്. നാലുമാസത്തിനുശേഷം എച്ച്.ഡി.രേവണ്ണയുടെ ഭാര്യ വീട്ടിലില്ലാത്ത സമയങ്ങളിലെല്ലാം താന്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളെ പല ആവശ്യങ്ങള്‍ പറഞ്ഞ് സ്റ്റോര്‍ റൂമിലേക്ക് വിളിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. ഭീഷണി കാരണമാണ് എല്ലാം സഹിച്ചുപോന്നതെന്നും അവര്‍ പരാതിയില്‍ പറയുന്നു.

prajwal-revanna-bjp
പ്രജ്വല്‍ രേവണ്ണ (വലത്തുനിന്ന് രണ്ടാമത്) പിതാവ് എച്ച്.ഡി.രേവണ്ണ, ബിജെപി നേതാവ് ബി.എസ്.യെദ്യൂരപ്പ, കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി.വൈ.വിജയേന്ദ്ര എന്നിവര്‍ക്കൊപ്പം

വിഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെ പ്രജ്വല്‍ രേവണ്ണയുടെ ഇലക്ഷന്‍ ഏജന്റ് പൂര്‍ണചന്ദ്ര തേജസ്വി നവീന്‍ ഗൗഡ എന്നയാള്‍ക്കും മറ്റുചിലര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ലൈംഗികവിഡിയോകള്‍ ഉള്‍പ്പെട്ട പെന്‍ഡ്രൈവുകളും സിഡികളും വാട്സാപ് മെസേജുകളും പ്രചരിപ്പിച്ച് പ്രജ്വലിന്റെ അപകീര്‍ത്തിപ്പെടുത്താനും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുന്നുവെന്നായിരുന്നു തേജസ്വിയുടെ പരാതി. എന്നാല്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫിസ് നേരിട്ട് ഇടപെട്ട് എസ്ഐടി രൂപീകരിച്ചതോടെ പ്രജ്വല്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പോയത്. ആദ്യം ആരോപണങ്ങള്‍ നിഷേധിച്ചിരുന്ന ഗൗഡ കുടുംബം ഇപ്പോള്‍ എസ്ഐടി അന്വേഷണം കഴിയട്ടെ എന്ന നിലപാടിലാണ്.

prajwal-revanna-road
ഹസന്‍ എംപി പ്രജ്വല്‍ രേവണ്ണ മണ്ഡലത്തില്‍

2023ലെ കോടതി ഉത്തരവ്

കഴിഞ്ഞ വര്‍ഷം ആദ്യം മാധ്യമങ്ങളില്‍ മോര്‍ഫ് ചെയ്ത വിഡിയോകള്‍ പ്രചരിക്കുന്നുവെന്നും ഇത് തടയണമെന്നും ആരോപിച്ച് പ്രജ്വല്‍ രേവണ്ണ ബെംഗളൂരു സിവില്‍ കോടതിയെ സമീപിച്ചിരുന്നു. 86 മാധ്യമസ്ഥാപനങ്ങള്‍ക്കും മൂന്ന് വ്യക്തികള്‍ക്കുമെതിരെയായിരുന്നു പരാതി. 2023 ജൂണ്‍ രണ്ടിന് കോടതി ഈ വിഡിയോകള്‍ സംപ്രേഷണം ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും വിലക്കി ഉത്തരവിറക്കുകയും ചെയ്തു. പ്രജ്വലിന്റെ മുന്‍ ഡ്രൈവറുടെ പക്കല്‍ നിന്ന് തനിക്ക് ഈ വിഡിയോകള്‍ ലഭിച്ചിരുന്നുവെന്ന് കര്‍ണാടക നിയമസഭാതിരഞ്ഞെടുപ്പില്‍ എച്ച്.ഡി.രേവണ്ണക്കെതിരെ മല്‍സരിച്ച ബിജെപി നേതാവ് ജി.ദേവരാജ ഗൗഡ നേരത്തേ വെളിപ്പെടുത്തിയിരുന്നു. വിഡിയോയില്‍ ഉള്‍പ്പെട്ട സ്ത്രീകളുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്താണ് അത് പുറത്തുവിടാതിരുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ലോക്സഭാതിരഞ്ഞെടുപ്പില്‍ പ്രജ്വലിന് സീറ്റ് നല്‍കരുതെന്ന് ബിജെപി നേതൃത്വത്തോടും ദേവരാജ ഗൗഡ ആവശ്യപ്പെട്ടിരുന്നു.

MORE IN INDIA
SHOW MORE