യുപിയിലും കുരുക്ക്; ബിജെപിയെ കയ്യൊഴിഞ്ഞ് സഖ്യകക്ഷികൾ; മുന്നറിയിപ്പ്

ആസാമിൽ ബിജെപിക്കൊപ്പമുണ്ടായിരുന്ന അസം ഗണപരിഷത് മുന്നണി വിട്ടിട്ട് മണിക്കൂറുകളേ ആയുള്ളൂ. പിന്നാലെ ഉത്തർപ്രദേശിലും ബിജെപിക്ക് തിരിച്ചടി. യുപിയിൽ ബിജെപിക്കൊപ്പമുള്ള സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും (എസ്.ബി.എസ്.പി) അപ്‌നാ ദളുമാണ് വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. ചെറു കക്ഷികളോടുള്ള ബി.ജെ.പിയുടെ നിഷേധാത്മക നിലപാട് തുടരുകയാണെങ്കിൽ സഖ്യം ഉപേക്ഷിക്കുമെന്നാണ് പ്രഖ്യാപനം. ‌‍

ഒപ്പം നില്‍ക്കണോ എന്ന തീരുമാനം ഇനി ബിജെപിയുടേതാണ്. അല്ലാത്ത പക്ഷം ഒറ്റയ്ക്കു മത്സരിക്കാൻ തങ്ങൾ തയ്യാറാണെന്നും ഇരുപാർട്ടികളും പ്രഖ്യാപിച്ചു. ഒ.ബി.സി ക്വാട്ടയില്‍ 27 ശതമാനം സംവരണം നടപ്പാക്കണമെന്ന ആവശ്യം അംഗീകരിച്ചാല്‍ മാത്രമേ ബി.ജെ.പിക്കൊപ്പം ഉണ്ടാവുകയുള്ളൂ എന്നും ഇവർ അറിയിച്ചു.

ഒ.ബി.സി ക്വാട്ടയില്‍ 27 ശതമാനം സംവരണം നടപ്പാക്കണമെന്ന ആവശ്യം നടപ്പിലാക്കാന്‍ 100 ദിവസത്തെ സമയമാണ് എസ്.ബി.എസ്.പി അധ്യക്ഷനും പിന്നാക്കക്ഷേമ വകുപ്പ് മന്ത്രിയുമായ ഓം പ്രകാശ് രാജ്ബാര്‍ ബി.ജെ.പി നല്‍കിയത്. ബി.ജെ.പി നേതൃത്വം തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരെ അവഗണിച്ചു മുന്നോട്ടുപോവുകയാണെങ്കിൽ കടുത്ത തീരുമാനത്തിലേക്ക് തങ്ങള്‍ക്ക് പോകേണ്ടി വരുമെന്ന് അപ്നാ ദളും പറയുന്നു.

തിരഞ്ഞെടുപ്പു സമയത്തു മാത്രം ബിജെപി സഖ്യകക്ഷികളെ ഉപയോഗപ്പെടുത്തുന്നു എന്ന പരാതിയും ഇവർക്കുണ്ട്. ''കഴിഞ്ഞ 21 മാസമായി ഞങ്ങള്‍ അത് മനസിലാക്കിയിട്ട്. ശിവസേനയും ഉപേന്ദ്ര കുശ്വാഹയും രാം വിലാസ് പാസ്വാനും ബി.ജെ.പിയുമായി ധാരണയിലെത്തിയിട്ടില്ല'', എസ്.ബി.എസ്.പി പറയുന്നു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും കടുത്ത വിമർശനമാണ് ഉന്നയിച്ചത്. പശുക്കളെ രക്ഷിക്കാനേ യോഗിക്കു കഴിയൂ. പാവപ്പെട്ടവരുടെ ഉന്നമനമാണ് തങ്ങളുടെ ലക്ഷ്യമെന്നും സ്വന്തം വഴി വെട്ടി മുന്നോട്ടു പോകുമെന്നും രാജ്ബർ പറഞ്ഞു.