ആ പ്രതിമയുടെ ബഹിരാകാശത്ത് നിന്നുള്ള കാഴ്ച; ചിത്രം വൈറല്‍

ഉയരക്കാര്യത്തില്‍ മാത്രമല്ല, സഞ്ചാരികളുടെ സന്ദർശനം എണ്ണംകൊണ്ടും പുതിയ ഉയരങ്ങൾ കീഴടക്കുകയാണ് സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ. ഇപ്പോഴിതാ ബഹിരാകാശത്ത് നിന്ന് പകർത്തിയ സ്റ്റാച്യൂ ഒാഫ് യൂണിറ്റിയുടെ  ചിത്രമാണ് സോഷ്യൽ ലോകത്ത് വൈറലാകുന്നത്. അമേരിക്കൻ കമ്പനിയായ സ്കൈ ലാബാണ് ഇന്ത്യയിലെ അയൺ മാൻ എന്ന പേരിൽ പ്രതിമയുടെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. നർമദ നദിയുടെ പശ്ചാത്തലത്തിൽ പ്രതിമയുടെ മുകളിൽ നിന്നുള്ള ചിത്രമാണ് കമ്പനി പുറത്തുവിട്ടത്.

പ്രതിമ വിസ്മയം കാണാൻ സഞ്ചാരികളുടെ ഒഴുക്കാണ്. ഗുജറാത്തിലെ  നർമ്മദ ജില്ലയിൽ പണിതുയർത്തിയ സ്റ്റാച്യു ഓഫ് യൂണിറ്റി കാണാൻ റെക്കോർഡ് സഞ്ചാരികളാണ് ദിനവും എത്തുന്നത്.  സർദാർ സരോവർ അണക്കെട്ടിന് സമീപത്താണ് 182 മീറ്റർ ഉയരമുളള പ്രതിമ പണിതുയർത്തിയത്. മൂന്ന് വയസുവരെയുളള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. 15 വയസ് വരെ 200 രൂപയാണ് ടിക്കറ്റ് ചാർജ്. മുതിർന്നവർക്ക് പ്രവേശനത്തിന് 350 രൂപ നൽകണം. 2,989 കോടിരൂപ മുടക്കിയാണ് പ്രതിമ നിർമിച്ചത്.