ഭക്ഷണം ഓർഡർ ചെയ്യാൻ ഫോൺ മോഷണം; കറങ്ങാൻ കാറും; ഞെട്ടിച്ച് കുട്ടിക്കള്ളന്മാർ

മൊബൈൽ ഫോണും ടാക്സി കാറും മോഷ്ടിച്ച കൗമാരക്കാരുടെ കഥ കേട്ട പൊലീസ് അമ്പരന്നു. ഫോണും കാറും മോഷ്ടിച്ചത് തമാശക്കാണെന്നായിരുന്നു ഇവരുടെ മറുപടി.  മൊബൈൽ ഫോൺ മോഷ്ടിച്ചത് ഭക്ഷണം ഓർഡർ ചെയ്യാൻ. ടാക്സി കാർ മോഷ്ടിച്ചത് സുഹൃത്തിനൊപ്പം കറങ്ങിനടക്കാൻ. ഗുജറാത്തിലാണ് പൊലീസിനെ ഞെട്ടിച്ച കുട്ടിക്കള്ളന്മാരുടെ മോഷണം. 

19 വയസ്സുള്ള സാഹിലും പ്രായപൂർത്തിയാകാത്ത മറ്റൊരു സുഹൃത്തുമാണ് പിടിയിലായത്.  ‌സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ; സാഹിലും സുഹൃത്തും ഒരുമിച്ചിരുന്ന് മദ്യപിക്കുക പതിവായിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ച ശേഷം രണ്ടുപേർക്കും വിശന്നു. പണമില്ലാത്തതിനാൽ മൊബൈൽ ഫോൺ മോഷ്ടിക്കാൻ തീരുമാനിച്ചു. ഭക്ഷണം ഓർഡർ ചെയ്തശേഷം പണം നൽകാതെ കടന്നുകളയാൻ പദ്ധതിയിട്ടു. 

ദ്വാർകയിൽ വെച്ച് ബൈക്ക് യാത്രക്കാരന്റെ കയ്യിൽ നിന്ന് ഫോൺ തട്ടിയെടുത്ത് ഇരുവരും കടന്നു. ഭക്ഷണം ഓർഡർ ചെയ്തു. പണം നൽകാതെ അവിടുന്നും കടന്നു. വിശപ്പ് മാറിയതോടെ ഒന്ന് കറങ്ങാൻ മോഹം. നമുക്ക് കാറില്ലല്ലോ എന്ന വിഷമം പറഞ്ഞ സുഹൃത്തിനോട് സഹിൽ പറഞ്ഞു, നിനക്കിഷ്ടമുള്ള കാർ ചൂണ്ടിക്കാണിക്കൂ, നമുക്കതിൽ ചുറ്റിയടിക്കാം. 

റോഡിൽ പാർക്ക് ചെയ്തിരുന്ന വാഗണർ ചൂണ്ടിക്കാണിച്ച് ഇത് മതിയെന്ന് സുഹൃത്ത് പറഞ്ഞു. വഴി ചോദിക്കാനെന്ന വ്യാജേന ഡ്രൈവറോട് സംസാരിച്ച സഹിൽ താക്കോൽ തട്ടിയെടുത്തു. വണ്ടിയുമെടുത്ത് ഇരുവരും കറങ്ങാനിറങ്ങി.  ഡ്രൈവറുടെ മൊബൈലും മോഷ്ടിച്ചു. തുടർന്ന് ഡ്രൈവറെ സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചു. 

കറക്കം കഴിഞ്ഞ് ദ്വാർകയിലെ പ്രധാനക്ഷേത്രത്തിന് സമീപം കാർ ഉപേക്ഷിച്ച് ഇരുവരും വീട്ടിലേക്ക് മടങ്ങി. തെളിവുകളില്ലാത്തതിനാൽ പിടിക്കപ്പെടില്ലെന്ന് ഇരുവരും വിശ്വസിച്ചു.

സഹിലിന്റെ സുഹൃത്തിന്റെ കയ്യിലുണ്ടായിരുന്ന ബാൻഡെയ്ഡ് ആണ് ഇവരെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്. ഇത് പിന്നീട് സഹിലിന്റെ അറസ്റ്റിലേക്കും നയിച്ചു.